ന്യൂഡല്‍ഹി: സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെയുടെ പിതാവിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് പരാതി. വിവരാവകാശ പ്രവര്‍ത്തകന്‍ അമിത് തിവാരിയാണ് പരാതി നല്‍കിയിരിക്കുന്നത്. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മകനെ വിദേശത്ത് പഠിക്കാന്‍ അയച്ചതിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നാണ് പരാതി. കേന്ദ്ര ജിഎസ്ടി വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് പരാതി നല്‍കിയിരിക്കുന്നത്.
സിജെപിക്ക് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പ്രഖ്യാപിച്ച ഒരു കോടി രൂപ നിയമ സഹായ ഫണ്ടിലും അന്വേഷണം ആവശ്യപ്പെടുന്നുണ്ട്. സിജെപി അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി അല്ലാത്തതിനാല്‍ ഫണ്ട് ശേഖരിക്കുന്നത് ജനപ്രാതിനിധ്യ നിയമപ്രകാരം പരിശോധിക്കണമെന്നാണ് ആവശ്യം. ഇതുവരെ രജിസ്റ്റര്‍ ചെയ്യപ്പെടാത്ത സംഘടന ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഒരു കോടി രൂപ ഇതിനോടകം തന്നെ അവര്‍ നിയമ സഹായ ഫണ്ടായി സ്വീകരിക്കുകയാണ്. എന്നാല്‍ സെക്ഷന്‍ 29 പ്രകാരം സംഘടന രജിസറ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് പരാതിയിലെ ആവശ്യം. കബില്‍ സിബല്‍ പ്രഖ്യാപിച്ച ധനസഹായത്തില്‍ കൃത്യമായ ജിഎസ്ടി ഈടാക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ആദായ നികുതി വകുപ്പിനും ഇയാള്‍ പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം സിജെപി മാര്‍ച്ചിന് നേര്‍ക്കുള്ള പൊലീസ് അതിക്രമത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് സിജെപി വീണ്ടും ആവശ്യപ്പെട്ടു. പൊലീസ് അതിക്രമത്തിലും വീഡിയോ സന്ദേശം പ്രതീക്ഷിക്കുന്നുവെന്നാണ് അഭിജീത് ദീപ്‌കെയുടെ പരിഹാസം. 12 വയസ്സുകാരായ കുട്ടികളെപ്പോലും പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് ദീപകെ ആരോപിക്കുന്നു. പെണ്‍കുട്ടികളുടെ തലയ്ക്കടക്കം പൊലീസ് മര്‍ദ്ദനമേറ്റെന്നും വസ്ത്രങ്ങള്‍ വലിച്ചുകീറിയെന്നും ആരോപണമുണ്ട്.













