തിരുവനന്തപുരം: സിഎംആര്എല്-എക്സാലോജിക് സാമ്പത്തിക ഇടപാടില് കേസെടുത്ത നടപടിയെ ചോദ്യം ചെയ്ത് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. എഫ്ഐആര് ഇടണമെന്നല്ല, എസ്ഐടിയെ നിയോഗിക്കണം എന്നായിരുന്നു സര്ക്കാറിന് ലഭിച്ച നിയമോപദേശം. സര്ക്കാര് ഫല പ്രദമായി ഇടപെട്ടില്ലെന്നും ഡിവിഷന് ബെഞ്ചിലേക്ക് അപ്പീലിന് പോയില്ലെന്നും എം വി ഗോവിന്ദന് ആരോപിച്ചു. മൊഴി എങ്ങനെ തെളിവാകും എന്ന കോടതി ചോദിച്ചിരുന്നു. സിപിഐഎമ്മിനെ തകര്ക്കാനും പ്രതിക്കൂട്ടില് നിര്ത്താനുമാണ് ഈ നീക്കമെന്നും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.
അമിത അധികാര അവകാശം ആര്ക്ക് നല്കിയാലും തിരിഞ്ഞു കൊത്തും. അതാണ് ചിദംബരം പറഞ്ഞത്. ഇ ഡിക്ക് ലക്ഷ്യമാണ് കാര്യം. ശാരദ ചിട്ടി ഫണ്ട് കേസ് എവിടെ? ആയുധ കൂമ്പാരങ്ങള് അല്ല ഭാവി നിശ്ചയിക്കുക. ഇച്ഛാശക്തിയുള്ള ജനങ്ങളുടെ നിലപാടാണ്. 8000 ത്തോളം കേസുകള് ഇഡി രജിസ്റ്റര് ചെയ്തു. 54 കേസുകള് മാത്രമാണ് മുന്നോട്ട് പോയത്. സേവനം ലഭിച്ചില്ല എന്ന് പറയുന്നത് കളവെന്ന് ശശിധരന് കര്ത്ത പറഞ്ഞിരുന്നു. ഇ ഡി മൊഴി രേഖപ്പെടുത്തിയത് ഭീഷണിപ്പെടുത്തി എന്നും ഇവര് പറഞ്ഞു. എന്നിട്ടും ഒരു തെളിവുമില്ലാത്ത കേസുമായി മുന്നോട്ട് പോകുന്നത് പാര്ട്ടിയെ തകര്ക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും എം വി ഗോവിന്ദന് ആരോപിച്ചു.
സിഎംആര്എല്-എക്സാലോജിക് സാമ്പത്തിക ഇടപാടില് ഇന്നലെയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയനും പി എ മുഹമ്മദ് റിയാസ് എംഎല്എയ്ക്കുമെതിരെ കേസെടുത്തത്. വിജിലന്സ് നേരത്തെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. രണ്ട് എസ്ഐടി സംഘങ്ങളെയാണ് രൂപീകരിച്ചത്. പിണറായി വിജയന് പ്രതിയായ കേസ് എസ്പി ഇ എല് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുക. പി എ മുഹമ്മദ് റിയാസ് പ്രതിയായ കേസിന്റെ അന്വേഷണം എസ്പി ബാലകൃഷ്ണന്റെ നേതൃത്വത്തിലാകും നടക്കുക. എന്നാല് വിജിലന്സ് എഫ്ഐആര് ഇടാനായി ഉത്തരവിട്ട സിംഗിള് ബഞ്ച് ഉത്തരവിനെതിരെ പിണറായി വിജയന് അപ്പീല് ഫയല് ചെയ്യാന് ഹൈക്കോടതി അനുമതി നല്കിയില്ല. സിംഗിള് ബെഞ്ച് ഉത്തരവ് ഹര്ജിക്കാരുടെ അവകാശത്തെ ബാധിക്കില്ലെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു. വീണ ടിയുടെയും പി എ മുഹമ്മദ് റിയാസിന്റെയും അപേക്ഷകളും കോടതി തള്ളിയിട്ടുണ്ട്.












