മലപ്പുറം വളാഞ്ചേരിയിലെ സ്വകാര്യ ലോഡ്ജിൽ വിൽപനയ്ക്കായി എംഡിഎംഎ തയാറാക്കുന്നതിനിടെ യുവതിയും യുവാവും പൊലീസിന്റെ പിടിയിൽ. എറണാകുളം, മലബാർ മേഖലകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തിയിരുന്ന കണ്ണൂർ അഴീക്കോട് സ്വദേശിനി ആരതി, മലപ്പുറം അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് നബീൽ എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് ഒന്നര ഗ്രാം എംഡിഎംഎയും പൊലീസ് പിടിച്ചെടുത്തു. വാടകയ്ക്കെടുത്ത വാഹനങ്ങളിലാണ് സംഘം ലഹരി വിൽപന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
എറണാകുളത്ത് ജോലിയുടെ മറവിലായിരുന്നു ആരതി ലഹരി വിൽപന നടത്തിവന്നിരുന്നത്. ബംഗളൂരുവിൽ നിന്ന് വൻതോതിൽ ലഹരി കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് മുഹമ്മദ് നബീൽ. 27 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ബംഗളൂരു ജ്ഞാനഭാരതി ജയിലിൽ നിന്ന് ഒന്നര മാസം മുമ്പാണ് നബീൽ ജാമ്യത്തിലിറങ്ങിയത്. ഇതിനു പിന്നാലെയാണ് ഇവർ വീണ്ടും ലഹരി കച്ചവടം ആരംഭിച്ചത്. മങ്കടയിലെ അടിപിടിക്കേസിലും, കണ്ണൂരിൽ ‘സ്മൂൾ’ അക്കൗണ്ട് വഴി പണം തട്ടാൻ ശ്രമിച്ച കേസിലും നബീൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ ഡിവൈഎസ്പിയുടെ ഡാന്സാഫ് സ്ക്വാഡും വളാഞ്ചേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. വളാഞ്ചേരി സി.ഐ രഞ്ജിത്ത് കെ.ആർ, തിരൂർ സി.ഐ ജലീൽ കറുത്തേടത്ത്, വളാഞ്ചേരി എസ്.ഐമാരായ ഫിറോസ് എ.കെ., സുധീർ വി.എസ്., ശശികുമാർ എം.ജി. എന്നിവരും ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.












