തൃശൂര്‍: പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളില്‍ നിന്ന് രക്ഷിക്കാനുള്ള വലിയ പോരാട്ടമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന് നഗറില്‍ (ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ട്) സംഘടിപ്പിച്ച ‘തകൃതോണം’ കൊടുങ്ങല്ലൂര്‍ ഓണം മെഗാ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷന് തൂഫാന് യാതൊരുവിധ രാഷ്ട്രീയമോ ജാതി-മത പരിഗണനകളോ ഇല്ലെന്നും, പുതുതലമുറയെ വഴിതെറ്റിക്കുന്ന മരണത്തിന്റെ വ്യാപാരികള്‍ക്കെതിരെയുള്ള ശക്തമായ നടപടിയാണിതെന്നും മന്ത്രി വ്യക്തമാക്കി. രാസലഹരിയില്‍ അടിപ്പെട്ടുപോയാല്‍ പിന്നീട് ഒരു മോചനം എളുപ്പമല്ല. അതുകൊണ്ടുതന്നെ ഓപ്പറേഷന് തൂഫാന് ഏറ്റവും കൂടുതല്‍ പിന്തുണ ലഭിക്കുന്നത് അമ്മമാരില്‍ നിന്നും സഹോദരിമാരില്‍ നിന്നുമാണ്. കുടുംബത്തിലെ വേദനകളും പ്രയാസങ്ങളും ഏറ്റവും കൂടുതല്‍ നേരിട്ടറിയുന്നത് അവരാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
വെറും 76 ദിവസങ്ങള്‍ക്കുള്ളില്‍ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി 10,000-ത്തില്‍ അധികം പേരെ അറസ്റ്റ് ചെയ്യുകയും 9,000-ത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. നൂറിലധികം മയക്കുമരുന്ന് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തതിനൊപ്പം നിരവധി കുറ്റവാളികള്‍ക്കെതിരെ ‘കാപ്പ’ ചുമത്തുകയും ചെയ്തു. എല്ലാവരും ഒറ്റക്കെട്ടായി നിലകൊണ്ടാല്‍ കേരളത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ രാസലഹരി കടന്നുവരില്ലെന്ന നിശ്ചയദാര്‍ഢ്യം നമുക്കുണ്ടാകണം. ഇത്തവണത്തെ ഓണാഘോഷങ്ങള്‍ ലഹരിക്കെതിരെയുള്ള സന്ദേശമുയര്‍ത്തി ‘തൂഫാന് ഓണം’ ആയി കൊണ്ടാടാനാണ് തീരുമാനിച്ചിട്ടുള്ളത്. ഏവര്‍ക്കും സന്തോഷത്തോടെ ഓണം ആഘോഷിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ഉറപ്പുനല്‍കി.
ജാതി-മത-വര്‍ണ-വര്‍ഗ വ്യത്യാസമില്ലാതെ ലോകമെമ്പാടുമുള്ള മലയാളികള്‍ ഒരുമിച്ച് ആഘോഷിക്കുന്ന മഹോത്സവമാണ് ഓണം. നാടിന്റെ ഐക്യവും യോജിപ്പും പ്രകടിപ്പിക്കുന്ന ഈ ഉത്സവം ഒരു വലിയ ദേശീയ ആഘോഷമാണ്. മതേതരത്വത്തിന്റെ മഹാഭൂമിയായ കൊടുങ്ങല്ലൂരിന്റെ മണ്ണില്‍ ജനങ്ങള്‍ക്ക് ഒരുമിച്ച് ആഘോഷിക്കാന്‍ പോന്ന തരത്തില്‍ അഞ്ചു ദിവസം നീളുന്ന വിപുലവും ആകര്‍ഷകവുമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.












