Kerala News

മത്സ്യത്തൊഴിലാളികളുടെ തിരച്ചിലിൽ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും രൂക്ഷമായി വിമർശിച്ച് സിപിഐഎം

കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ തിരച്ചിലിൽ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും രൂക്ഷമായി വിമർശിച്ച് സിപിഐഎം. തിരച്ചിലിൽ വലിയ വീഴ്ച ഉണ്ടായെന്നും തീരദേശ ജനത്തെ മുഖ്യമന്ത്രി ആക്ഷേപിച്ചു സംസാരിക്കുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അഹങ്കാരത്തിന് കയ്യും കാലും വെച്ച നിലയിലാണ് മന്ത്രിമാരെന്നും മത്സ്യത്തൊഴിലാളികളോട് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു. വിഴിഞ്ഞത്ത് കടലിൽ കാണാതായ ജോണിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷമാണ് പി എ മുഹമ്മദ് റിയാസിന്റെ പ്രതികരണം.

ജൂലൈ 31നാണ് വിഴിഞ്ഞത്തും മുതലപ്പൊഴിയിലുമായി മീൻപിടുത്തത്തിന് പോയ മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങൾ അപകടത്തിൽപ്പെടുന്നത്. ഇനി കണ്ടെത്താനുള്ളത് രണ്ടുപേരെ. മുതലപ്പൊഴിയിൽ സ്കൂബ ടീം പരിശോധനയ്ക്ക് ഇറങ്ങിയെങ്കിലും പുരോഗതി ഉണ്ടായിട്ടില്ല. പ്രതികൂലമായ കാലാവസ്ഥയും തടസ്സമാണ്.മുതലപ്പൊഴിയിൽ നിന്ന് കാണാതായ ഷിജിനായി ഇന്ന് സ്കൂബാ ടീമും പരിശോധനയ്ക്കിറങ്ങി. മത്സ്യത്തൊഴിലാളികൾക്കായി തമിഴ്നാട് കന്യാകുമാരി, കുളച്ചിൽ ഭാഗത്തും പരിശോധന നടത്തണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.

വിഴിഞ്ഞത്ത് കോസ്റ്റ് ഗാർഡിന്റെയും മറൈൻ എൻഫോഴ്സ്മെന്റിന്റെയും വള്ളങ്ങളും പരിശോധന തുടരുന്നുണ്ട്. ഫിഷറീസ് മന്ത്രി ഫോണിൽ വിളിച്ച് ഏതു ഭാഗത്ത് പരിശോധന നടത്തണമെന്ന് ചോദിച്ചെന്നും കുടുംബം. പുലിമുട്ടുകൾക്കിടയിലോ പാറകെട്ടുകൾക്കിടയിലോ ശരീര ഭാഗങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നാണ് നിലവിൽ പരിശോധന നടത്തുന്നത്. കോസ്റ്റ് ഗാർഡിന്റെ ഡോർണിയർ നിരീക്ഷണ വിമാനവും മുതലപ്പൊഴിയിൽ എത്തിയിരുന്നു. നാവികസേന വൈകിട്ട് മുതലപ്പൊഴിയിൽ എത്തും.

Related Posts

Leave a Reply