തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടില്‍ പിഎസ്‌സിക്ക് വിവരാവകാശ കമ്മീഷന്റെ അന്ത്യശാസനം. പരീക്ഷാ രേഖകള്‍ ഉടന്‍ ഉദ്യോഗാര്‍ത്ഥിക്ക് നല്‍കണമെന്നാണ് നിര്‍ദേശം. രേഖകള്‍ കൈമാറാന്‍ വൈകിയതില്‍ വിശദീകരണം നല്‍കാനും കമ്മീഷന്‍ നിര്‍ദേശം നല്‍കി.ആസൂത്രണ ബോര്‍ഡ് പരീക്ഷയുടെ വിവരങ്ങള്‍ നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ട് ഒരു മാസം കഴിഞ്ഞിട്ടും നല്‍കാത്ത സാഹചര്യത്തിലാണ് അന്ത്യശാസനം. രേഖകള്‍ കൈമാറാത്തത് നിരുത്തരവാദപരം എന്ന് വിവരാവകാശ കമ്മീഷന്‍ വ്യക്തമാക്കി. വിവരാവകാശ നിയമപ്രകാരം നടപടി സ്വീകരിക്കേണ്ടി വരുമെന്നും പിഎസ്‌സിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിവരാവകാശ കമ്മീഷന്‍ പിഎസ്‌സിക്ക് നല്‍കിയ കത്തിന്റെ പകര്‍പ്പ് ലഭിച്ചു.
പിഎസ്‌സി ക്രമക്കേട് അന്വേഷണങ്ങളില്‍ എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതുവരെ 90ലേറെ പരാതികളാണ് എസ്‌ഐടിക്ക് ലഭിച്ചത്. ഈ പരാതികളെല്ലാം വിശദമായിപരിശോധിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. ക്രമക്കേടില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ പങ്കാളിത്തം സ്ഥിരീകരിച്ചിരുന്നു. ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.












