കോക്ക്രോച്ച് ജനത പാർട്ടി (CJP)യുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് സസ്പെൻഡ് ചെയ്തു. അക്കൗണ്ട് ലഭ്യമല്ലെന്ന് കാണിക്കുന്ന സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ട് പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെയാണ് അറിയിച്ചത്. പിന്നീട് അക്കൗണ്ട് പുനഃസ്ഥാപിച്ചതായും വ്യക്തമാക്കി.
എക്സിലെ കുറിപ്പിലൂടെയാണ് സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തതായി ദിപ്കെ ആരോപിച്ചത്. ‘ഭീരുക്കൾ’ എന്നും അഭിജീത് പരാമർശിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ തന്നെ തങ്ങളുടെ ശബ്ദം അടിച്ചമർത്താൻ ശ്രമിച്ചത് അപമാനകരമാണെന്നും ഇത്തരം ഭീരുത്വപരമായ നടപടികളിൽ തങ്ങൾ ഭയപ്പെടില്ലെന്നും പാർട്ടി പ്രതികരിച്ചു. ഇതിന് മുമ്പും സമാനമായ ആരോപണവുമായി ദിപ്കെ രംഗത്തെത്തിയിരുന്നു. ഈ വർഷം മേയിൽ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തതായും അക്കൗണ്ടിലേക്ക് പ്രവേശിക്കാൻ കഴിയുന്നില്ലെന്നും അഭിജീത് ആരോപിച്ചിരുന്നു.
സ്വാതന്ത്ര്യദിനത്തിൽ മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിലെ ദിപ്കെയുടെ ഗ്രാമത്തിൽ സിജെപി ‘സ്കൂൾ തിക് കരോ’ കാമ്പെയ്നും ആരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. സർക്കാർ സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളും ഉത്തരവാദിത്തവും മെച്ചപ്പെടുത്തുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.












