പ്രോജക്ട്സീറോയുടെ ഭാഗമായി അഴിമതിക്കെതിരെ ശക്തമായ നടപടി തുടർന്ന് വിജിലൻസ്. 5000 രൂപ കൈക്കൂലി വാങ്ങിയ അസിസ്റ്റന്റ് ലേബർ ഓഫീസറെ വിജിലൻസ് കൈയ്യോടെ പിടികൂടി. വൈക്കം അസിസ്റ്റന്റ് ലേബർ ഓഫീസിലെ അസിസ്റ്റന്റ് ലേബർ ഓഫീസറും, ഇടുക്കി തൊടുപുഴ സ്വദേശിയുമായ ബിനീഷ് കുമാറിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്. കോട്ടയം തലയോലപ്പറമ്പ് സ്വദേശിയായ പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള സോഫ്റ്റുവെയർ കമ്പനിക്കെതിരെ മുൻ ജീവനക്കാർ നൽകിയ പരാതി തീർപ്പാക്കുന്നതിന് 5,000 രൂപയാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. സോഫ്റ്റുവെയർ കമ്പനിയിൽ നിന്നും പിരിഞ്ഞുപോയ മൂന്ന് ജീവനക്കാർ കമ്പനി പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് പറഞ്ഞ് വൈക്കം അസിസ്റ്റന്റ് ലേബർ ഓഫീസിൽ ഒരു പരാതി നൽകിയിരുന്നു.
പരാതിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് വൈക്കം അസിസ്റ്റന്റ് ലേബർ ഓഫീസറായ ബിനീഷ് കുമാർ. റ്റി. ജി പരാതിക്കാരന്റെ സോഫ്റ്റുവെയർ സ്ഥാപനത്തിലെത്തി പരിശോധന നടത്തുകയും തുടർന്ന് ചില അപാകതകൾ കാണിച്ച് പരാതിക്കാരന് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. തുടർന്ന് ബിനീഷ് കുമാർ പരാതിക്കാരനെ ഫോൺ കാൾ വഴിയും, വാട്ട്സ് ആപ്പ് വഴിയും നിരന്തരം ബന്ധപ്പെട്ട് ഫയൽ തീർപ്പാക്കണമെങ്കിൽ ആവശ്യപ്പെടുമ്പോഴെല്ലാം പണം നല്കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു.












