Kerala News

സർട്ടിഫിക്കറ്റിൽ ആദ്യ ഭർത്താവിന്റെ പേര്; തിരുത്തി നൽകാൻ ഹൈക്കോടതി ഉത്തരവ്

നിയമപരമായി വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്ന ദമ്പതികളുടെ കുഞ്ഞിന്റെ ജനന രജിസ്റ്ററിൽ പിതാവിന്റെ പേര് തെറ്റായി രേഖപ്പെടുത്തിയത് തിരുത്തി നൽകാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. കുട്ടികളുടെ രക്ഷാധികാരിയെന്ന ഭരണഘടനാപരമായ പ്രത്യേക അധികാരം വിനിയോഗിച്ചാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. ജനന സർട്ടിഫിക്കറ്റിലെ തെറ്റ് 30 ദിവസത്തിനകം തിരുത്തി നൽകാൻ കൊച്ചി കോർപ്പറേഷനോട് കോടതി നിർദേശിച്ചു.
കുട്ടികൾക്ക് കഷ്ടപ്പാടുകളും വേദനയും ഉണ്ടാകുമ്പോൾ ഓടിയെത്താൻ മാതാപിതാക്കൾ മാത്രമല്ല കോടതിയും ഉണ്ടെന്ന സന്ദേശം പകർന്നുനൽകാൻ ‘പാരൻസ് പാട്രേയ’ വ്യവസ്ഥ സ്കൂൾ സിലബസിൽ ഉൾപ്പെടുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. അഞ്ചാം ക്ലാസിലെ മലയാളം പാഠാവലിയിലെ കുമാരനാശാന്റെ ‘പരിക്കേറ്റ കുട്ടി’ എന്ന കവിതയിലെ വരികൾ ഉദ്ധരിച്ചാണ് കോടതി ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് തിരുത്താനുള്ള അപേക്ഷ കൊച്ചി കോർപ്പറേഷൻ നിരസിച്ചതിനെ തുടർന്നാണ് ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചത്. നിലവിലെ നിയമപ്രകാരം ജനന രജിസ്റ്ററിൽ പിതാവിന്റെ പേര് തെറ്റായി വന്നാൽ തിരുത്താൻ വകുപ്പുകളില്ലെന്നും ഡിഎൻഎ പരിശോധന അടക്കമുള്ള നിബന്ധനകൾ വേണമെന്നുമാണ് നിലപാട്. എന്നാൽ പിതാവ് ആരെന്ന കാര്യത്തിൽ തർക്കമില്ലെങ്കിൽ ഡിഎൻഎ പരിശോധന നിർബന്ധമാക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയ കോടതി, ഇത്തരത്തിൽ നിയമത്തിലും ചട്ടത്തിലും ആവശ്യമായ ഭേദഗതികൾ വരുത്തുന്നത് പരിഗണിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് നിർദേശിച്ചു. ഹർജിക്കാരിയായ യുവതി 2007-ൽ വിവാഹം കഴിക്കുകയും 2021-ൽ നിയമപ്രകാരം ബന്ധം വേർപെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് മറ്റൊരാളുമായി ലിവിംഗ് റിലേഷൻഷിപ്പിലായ ഇവർക്ക് ഈ വർഷം ഫെബ്രുവരിയിൽ പെൺകുഞ്ഞ് ജനിച്ചു. എന്നാൽ കൊച്ചി കോർപ്പറേഷൻ ജനന രജിസ്റ്ററിൽ യുവതിയുടെ ആദ്യ ഭർത്താവിന്റെ പേരാണ് പിതാവിന്റെ സ്ഥാനത്ത് രേഖപ്പെടുത്തിയത്. നിലവിലുള്ള നിയമങ്ങൾ ചൂണ്ടിക്കാണിച്ച് ഇത് തിരുത്താൻ കോർപ്പറേഷൻ വിസമ്മതിക്കുകയായിരുന്നു. കേസിൽ ഹൈക്കോടതി ആദ്യ ഭർത്താവിന് നോട്ടീസ് അയച്ചെങ്കിലും കൈപ്പറ്റിയിരുന്നില്ല. രജിസ്റ്ററിൽ മാറ്റം വരുത്താൻ നിയമപരമായ തടസ്സമുണ്ടെന്ന കോർപ്പറേഷന്റെ വാദം അംഗീകരിച്ചെങ്കിലും, പിതാവ് ആരെന്ന കാര്യത്തിൽ ആരും തർക്കം ഉന്നയിക്കാത്ത സാഹചര്യത്തിൽ ഭരണഘടനാപരമായ അധികാരം ഉപയോഗിച്ച് കോടതി ഇടപെടുകയായിരുന്നു.

Related Posts

Leave a Reply