Kerala News

സ്ട്രോക്ക് വന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു.

സ്ട്രോക്ക് വന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പെരുമ്പളം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കൊച്ചുവെളിയിൽ ശാന്ത (78) ആണ് മരിച്ചത്. സെപ്റ്റംബർ 27-ന് രാത്രി ഒൻപതുമണിയോടെ എറണാകുളം പള്ളിമുക്കിൽവെച്ചായിരുന്നു അപകടം സംഭവിച്ചത്.
പെരുമ്പളം കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. വഴിമധ്യേ ആംബുലൻസ് നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്കും ശാന്തയ്ക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർക്കും പരിക്കേറ്റു.
ഉടൻതന്നെ നാട്ടുകാരും പോലീസും ചേർന്ന് എല്ലാവരെയും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശാന്തയുടെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. ഭർത്താവ്: തങ്കപ്പൻ. മക്കൾ: സജി, സുനിൽകുമാർ, അജിത, സരിത. മരുമക്കൾ: ധനപാലൻ, രജിത, ജയപ്പൻ, പ്രകാശൻ.

Related Posts

Leave a Reply