ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന് വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് റെയില്‍വേ മന്ത്രിക്ക് കത്ത് നല്കി ജോണ്‍ ബ്രിട്ടാസ് എം പി. കേരളത്തിന്റെ റെയില്‍വേ താല്പര്യങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് സംസ്ഥാനത്തെ എംപിമാരുടെ യോഗം വിളിച്ചുചേര്‍ക്കണമെന്നാണ് ആവശ്യം. ‘കേരളത്തിലെ എല്ലാ പാര്‍ലമെന്റ് അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി പാലക്കാട് റെയില്‍വേ ഡിവിഷനുമായി ബന്ധപ്പെട്ടും കേരളത്തിന്റെ മൊത്തത്തിലുള്ള റെയില്‍വേ വികസനവുമായി ബന്ധപ്പെട്ടും അതീവ പ്രാധാന്യമുള്ള ചില വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കൂടിക്കാഴ്ച അനുവദിക്കണമെന്ന അഭ്യര്‍ഥനയോടെയാണ് കത്ത് എഴുതുന്നതെന്ന് ജോൺ ബ്രിട്ടാസ് വ്യക്തമാക്കി.
പാലക്കാട് റെയ്ല്‍വേ ഡിവിഷന് വിഭജനവുമായി ബന്ധപ്പെട്ട തീരുമാനം പുറത്ത് വന്നതിന് പിന്നാലെ വലിയ ആശങ്കയാണ് സംസ്ഥാനത്ത് ഉയര്‍ന്നത്. മംഗലാപുരം പാലക്കാട് ഡിവിഷനില്‍ നിന്ന് വേര്‍പ്പെടുത്തുന്നതോട് കൂടി വരുമാനം കുറയും. ഏകദേശം 60 ശതമാനത്തിന്റെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. മംഗലാപുരം പരിധിയില്‍ നിന്ന് മാറ്റുന്നതോടെ പാലക്കാട് ഡിവിഷന് പുതിയ ട്രെയിനുകള്‍ കിട്ടാനുള്ള സാധ്യത കുറയും.












