വിഴിഞ്ഞത്തും മുതലപ്പൊഴിയിലും മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവം. സിപിഐഎമ്മിന്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച് പ്രതിഷേധം. സിപിഐഎമ്മിന്റെ നേതൃത്വത്തിൽ മത്സ്യത്തോഴിലാളികളാണ് റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തിയത്. കളിയിക്കാവിള – കഴക്കൂട്ടം റോഡ് ഉപരോധിക്കുന്നു. വാഹനങ്ങൾ പൊലീസ് വഴിതിരിച്ച് വിടുന്നു.
തര്‍ക്കത്തിനൊടുവില്‍ മൂന്നംഗ സ്കൂബാ സംഘം ഉച്ചയ്ക്ക് എത്തി മുതലപ്പൊഴിയില്‍ തിരച്ചില്‍ നടത്തി മടങ്ങി. സ്കൂബാ ഡൈവേഴ്സ് എത്താന്‍ വൈകിയതിനാല്‍ കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി സ്വന്തം നിലയില്‍ തിരയുകയാണെന്ന് ഷിജിന്റെ ഭാര്യ സഹോദരി സ്റ്റെഫി പറഞ്ഞു. വിഴിഞ്ഞത്ത് ഉള്‍ക്കടലില്‍ വള്ളം മറിഞ്ഞ് കാണാതായ ജോണിനായുള്ള കോസ്റ്റ് ഗാര്‍ഡിന്റെയും കോസ്റ്റല്‍ പൊലീസിന്റെയും തിരച്ചിലും തുടരുകയാണ്.
സര്‍ക്കാരിന്റെ അറിയിപ്പ് പ്രകാരം രാവിലെ അഞ്ചര മണി മുതല്‍ മുതലപ്പൊഴിയിലും വിഴിഞ്ഞത്തും തിരച്ചില്‍ തുടങ്ങി. ഒന്‍പതാം ദിവസവും പേരിനൊരു തിരച്ചിലാണോയെന്ന് സംശയം ശക്തമാണ്. പ്രാദേശിക മത്സ്യതൊഴിലാളികളെ സ്കൂബാ ഡൈവേഴ്സിനൊപ്പം ഷിജിനെ കണ്ടെത്താന്‍ നിയോഗിക്കുമെന്ന വാഗ്ദാനം വൈകിയതില്‍ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു.
പന്ത്രണ്ട് മണിയോടെയാണ് നാലംഗ സ്കൂബാ സംഘം മുതലപ്പൊഴിയിലെത്തിയത്. തീരദേശ പൊലീസിന്റെ സഹായത്തോടെ മുതലപ്പൊഴിയുടെ കവാടത്തില്‍ ഷിജിന്റെ വള്ളം മറിഞ്ഞ സ്ഥലത്ത് ഉള്‍പ്പെടെ തിരച്ചില്‍ നടത്തി. മഴ തുടങ്ങിയതോടെ ഈ സംഘവും തിരിച്ചില്‍ അവസാനിപ്പിച്ചു. എന്നാല്‍ രാവിലെ വിഴിഞ്ഞത്തും മുതലപ്പൊഴിയിലും ഒരേസമയം തിരച്ചില്‍ തുടങ്ങിയതായി ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. തിരച്ചിലിലുള്ള ഫിഷറീസ് ആംബുലന്‍സിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് വിശദീകരണം. കഴിഞ്ഞ മുപ്പത്തി ഒന്നിനാണ് മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് ഷിജിനെയും വിഴിഞ്ഞത്ത് ഉള്‍ക്കടലില്‍ വള്ളം മറിഞ്ഞ് ജോണിനെയും കാണാതായത്.












