Kerala News

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ടോമിന്‍ തച്ചങ്കരിയുടെ അപ്പീല്‍ ഹൈക്കോടതി ചൊവ്വാഴ്ച്ച പരിഗണിക്കും

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ടോമിന്‍ തച്ചങ്കരിയുടെ അപ്പീല്‍ ഹൈക്കോടതി ചൊവ്വാഴ്ച്ച പരിഗണിക്കും. കോട്ടയം വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ടോമിന്‍ തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ സംസ്ഥാന പൊലീസ് ഉപമേധാവിയായിരുന്ന ടോമിന്‍ ജെ തച്ചങ്കരി കുറ്റക്കാരനാണെന്ന് കോട്ടയം വിജിലന്‍സ് കോടതി കോടതി കണ്ടെത്തിയിരുന്നു. 2013ലാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റ പശ്ചാത്തലത്തിലാണ് വിജിലന്‍സ് കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയത്. 2003 മുതല്‍ 2007 ജൂലൈ വരെയുള്ള ഔദ്യോഗിക കാലയളവില്‍ 64 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്നായിരുന്നു കേസ്. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിര്‍ണായക വിധി പുറത്ത് വന്നത്. വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 64.70 ലക്ഷം രൂപയുടെ ചെലവ് കണ്ടെത്തിയെങ്കിലും അതിന്റെ വരവ് ബോധ്യപ്പെടുത്താന്‍ തച്ചങ്കരിക്ക് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ബുധനാഴ്ചയാണ് കേസില്‍ വിചാരണ പൂര്‍ത്തീകരിച്ചത്. ആഭ്യന്തരവകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറിയെ അടക്കം കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികളാക്കിയും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി മുന്‍ അഡിഷണല്‍ ഡിജിപി ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ പ്രതിഭാഗം സാക്ഷികളാക്കിയും വിസ്തരിച്ചിരുന്നു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസ് പിന്നീട് കോട്ടയത്തേക്ക് മാറ്റുകയായിരുന്നു.

Related Posts

Leave a Reply