Kerala News

വിവാഹസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി മറിഞ്ഞ് വൻ അപകടം.

വിവാഹസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി മറിഞ്ഞ് വൻ അപകടം. ഇന്ധനം വിതരണം ചെയ്യുന്ന യൂണിറ്റുകൾക്ക് തൊട്ടടുത്തേക്ക് ബസ് മറിഞ്ഞെങ്കിലും വലിയ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. അപകടത്തിൽ വയോധികരടക്കം 35 പേര്‍ക്ക് പരിക്ക്. നാലുപേരുടെ നില ഗുരുതരം.
കൂത്താട്ടുകുളം-പിറവം റോഡിൽ കാക്കൂരുള്ള പെട്രോൾ പമ്പിന് സമീപം വ്യാഴാഴ്ച രാവിലെ 10.25-ഓടെയായിരുന്നു സംഭവം. പിറവത്തുനിന്ന് ഇലഞ്ഞിയിലേക്ക് വിവാഹത്തിൽ പങ്കെടുക്കാനായി 35-ഓളം യാത്രക്കാരുമായി പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ കൂത്താട്ടുകുളത്തെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
പെട്രോൾ പമ്പിലേക്ക് തിരിയാൻ ശ്രമിച്ച ഇരുചക്രവാഹനത്തിൽ ഇടിക്കാതിരിക്കാൻ ബസ് ഡ്രൈവർ വലത്തേക്ക് വെട്ടിച്ചതാണ് അപകടത്തിന് കാരണം. പെട്ടെന്ന് ബ്രേക്ക് ചെയ്ത് വെട്ടിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ്, പമ്പ് പരിസരത്തുണ്ടായിരുന്ന ചെറിയ കോൺക്രീറ്റ് തൂണിൽ തട്ടി മറിയുകയായിരുന്നു.ഇന്ധന യൂണിറ്റുകളിലോ പമ്പിൽ നിർത്തിയിട്ടിരുന്ന മറ്റ് വാഹനങ്ങളിലോ ഇടിക്കാതെ ബസ് മറിഞ്ഞതിനാലാണ് വൻ തീപിടിത്തവും ദുരന്തവും ഒഴിവായത്. പെട്രോൾ അടിച്ചു പോകാനിരുന്ന ഇരുചക്രവാഹന യാത്രക്കാരന്റെ തൊട്ടടുത്താണ് ബസ് വന്നു വീണത്. ഇയാളും അത്ഭുതകരമായി രക്ഷപ്പെട്ടു.

Related Posts

Leave a Reply