International News Kerala News

നേപ്പാള്‍ മിന്നല്‍ പ്രളയം; മരണസംഖ്യ 332 ആയി; 288 ഇന്ത്യക്കാരെ കാണാതായതായി ഇതില്‍ 33 പേര്‍ മലയാളികളാണ്

കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ 288 ഇന്ത്യക്കാരെ കാണാതായതായി വിദേശകാര്യ വക്താവ് രണ്‍ദീര്‍ ജയ്‌സ്വാള്‍ അറിയിച്ചു. ഇതില്‍ 33 പേര്‍ മലയാളികളാണ്. പശ്ചിമബംഗാളില്‍ നിന്നുള്ള 32 പേരെയും കാണാതായിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള 85 പേരെ കുറിച്ചും വിവരമില്ല. കാണാതായവരില്‍ ഒരുസംഘം ത്രിശൂലി -1 വൈദ്യുത പദ്ധതിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. മറ്റൊരു സംഘം കൈലാസ് മാനസരോവര്‍ തീര്‍ത്ഥാടനത്തിനെത്തിയ തമിഴ്‌നാട്ടുകാരാണ്. ഇതുകൂടാതെ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 61 പേരെയും കേരളത്തില്‍ നിന്നുള്ള 33 പേരെയും ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്താക്കി.

നേപ്പാളിലെ രാസുവ, നുവാകോട്ട്, ധാഡിങ്, ഗോര്‍ഖ ജില്ലകളിലാണ് പ്രളയത്തില്‍ വന്‍ നാശനഷ്ടമുണ്ടായിരിക്കുന്നത്. കഴിഞ്ഞദിവസം രാവിലെ 8.30ഓടെ ഭോട്ടേകോശി, ത്രിശൂലി നദികളിലാണ് വെള്ളപ്പൊക്കമുണ്ടായത്. ആശയവിനിമയത്തിനായുള്ള സംവിധാനങ്ങളെല്ലാം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 332ആയി ഉയര്‍ന്നു. അതേസമയം 178 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 644 വിനോദസഞ്ചാരികളെ കാണാതായതായാണ് നേപ്പാള്‍ ടൂറിസം ബോര്‍ഡ് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടിരിക്കുന്ന വിവരം. ട്രക്കിങ്- ട്രാവല്‍ കമ്പനികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രളയബാധിത പ്രദേശങ്ങളില്‍ നിന്നും 650ഓളം പേരെ കാണാതായെന്ന പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ട്രാവല്‍ ഏജന്‍സികള്‍, ഗൈഡുകള്‍, പ്രാദേശിക അധികൃതര്‍, സുരക്ഷാ ഏജന്‍സികള്‍ എന്നിവയുമായി ചേര്‍ന്ന് ഈ വിവരം പരിശോധിച്ച് വരികയാണ്. നേപ്പാള്‍ പൗരന്മാര്‍ ഉള്‍പ്പെടെ 33 രാജ്യങ്ങളില്‍ നിന്നുള്ള ആളുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. നേപ്പാൾ ടൂറിസം ബോർഡിന്റെ കണക്കുപ്രകാരം കാണാതായവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. നേപ്പാള്‍-127, യുഎസ്-65, യുക്രെയ്ന്‍ – 53, മലേഷ്യ -51, ഓസ്‌ട്രേലിയ- 35, യുകെ- 33, കാനഡ-25, ജര്‍മനി-8, റഷ്യ-8, സൗത്ത് ആഫ്രിക്ക- 6, ലാത്വിയ-6, ജപ്പാന്‍-5, ഫ്രാന്‍സ്-4 എന്നിങ്ങനെയാണ് ഓരോ രാജ്യങ്ങളില്‍ നിന്നും കാണാതായവരുടെ കണക്കുകള്‍. കുടുങ്ങി കിടക്കുന്നവരെ അടക്കം രക്ഷപ്പെടുത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും നേപ്പാള്‍ ടൂറിസം ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. 1234 (ടോള്‍ ഫ്രീ എമര്‍ജന്‍സി നമ്പര്‍), 1144 (ഹോട്ട്‌ലൈന്‍ നമ്പര്‍), 9851289445 (ടൂറിസം പൊലീസ് സഹായം) എന്നീ നമ്പറുകളില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ബന്ധപ്പെടാമെന്നും ടൂറിസം വകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഉന്നതതല ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. വിദേശകാര്യ സെക്രട്ടറിയും കാഠ്മണ്ഡു, ബീജിങ് എന്നിവിടങ്ങളിലെ അംബാസിഡര്‍മാരും പങ്കെടുത്ത ചര്‍ച്ചയില്‍ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടിക്രമങ്ങളടക്കം അവലോകനം ചെയ്തു.

Related Posts

Leave a Reply