കൊച്ചി: രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ബിജെപി നേതാവ് ആർ ശ്രീലേഖയെ വിമർശിച്ച് മന്ത്രി റോജി എം ജോൺ. മേയർ കസേര കിട്ടാത്തതിലുള്ള നിരാശയും കൗൺസിലർ സ്ഥാനം രാജിയുമായി ബന്ധപ്പെട്ട് ഉണ്ടായ നാണക്കേടും മറച്ചുവെയ്ക്കാൻ ആർ ശ്രീലേഖ രാഹുൽ ഗാന്ധിയുടെ നേരെ തിരിയേണ്ടതില്ലെന്നാണ് മന്ത്രി റോജി എം ജോണിൻ്റെ വിമർശനം. സംഘപരിവാർ നേതൃത്വത്തെ സുഖിപ്പിക്കാനും അല്പം മാധ്യമശ്രദ്ധ പിടിച്ചുപറ്റാനും വേണ്ടി സംസ്കാരശൂന്യമായ വിദ്വേഷം വമിപ്പിക്കുന്നത് സ്വയം അപഹാസ്യയാകാനെ ഉപകരിക്കൂവെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ശ്രീലേഖ വ്യക്തമാക്കി. ‘രാജ്യത്തിന്റെ ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും വേണ്ടി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തെരുവിൽ നടത്തുന്ന വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളെ മയക്കുമരുന്ന് ലഹരിയിലെ താണ്ഡവമെന്നാണ് മുൻ ഡിജിപി വിശേഷിപ്പിക്കുന്നത്. ശിവഭഗവാന്റെ താണ്ഡവത്തെ മയക്കുമരുന്നിന്റെ വെപ്രാളവുമായി കൂട്ടിയിണക്കി സംസാരിക്കാൻ നരേന്ദ്ര മോദിയുടെ സ്വയം പ്രഖ്യാപിത അന്ധഭക്തക്ക് കഴിയുന്നത് എങ്ങിനെയാണ്? ഹൈന്ദവ വിശ്വാസങ്ങളെയും ഭക്തിയെയും രാഷ്ട്രീയ ലാഭത്തിനായി വളച്ചൊടിക്കുകയും, പവിത്രമായ ആത്മീയ സങ്കല്പങ്ങളെ മയക്കുമരുന്ന് ലഹരിയുമായി സമീകരിച്ച് ഹിന്ദുവിശ്വാസത്തെയും ഭക്തജനങ്ങളെയും നിന്ദിക്കുകയുമാണെന്നും’ റോജി എം ജോൺ കുറ്റപ്പെടുത്തി. ‘റിട്ടയർമെന്റ് കാലം ആഘോഷമാക്കാൻ മേയർ കുപ്പായത്തിന്റെ പളപളപ്പ് മോഹിച്ച് മാത്രം പൊതുപ്രവർത്തനത്തിന് ഇറങ്ങിയ ഒടുവിൽ ഇച്ഛാഭംഗം മൂത്ത് “DGP ആയിരുന്ന ആളെ കോൺസ്റ്റബിളിന്റെ പണി എടുക്കാൻ നിർബന്ധിക്കുന്നു” എന്ന് പറഞ്ഞ് കൗൺസിലർ പദവിയിൽ നിന്ന് രാജിക്കൊരുമ്പെട്ട ശ്രീലേഖ മാഡം രാഹുൽ ഗാന്ധിക്ക് മാർക്കിടാൻ ആയിട്ടില്ല. രാജ്യത്തിന്റെ ഭരണഘടനയും ഉയർത്തിപ്പിടിച്ച് ഇങ്ങ് തെക്ക് കന്യാകുമാരി മുതൽ അങ്ങ് വടക്ക് കശ്മീർ വരെ രാഹുൽ ഗാന്ധി നടന്നുതീർത്ത ദൂരത്തേക്കുറിച്ച് ആലോചിച്ചാൽ തന്നെ ശ്രീലേഖ മാഡത്തിന് വിശ്രമിക്കേണ്ടി വരും . ഇപ്പോൾ മാഡത്തിന് ചെയ്യാൻ കഴിയുന്ന സഭ്യമായ കാര്യം അപക്വമായ പ്രസ്താവന പിൻവലിച്ച് പൊതുസമൂഹത്തോട് മാപ്പുപറയുക’ എന്നുള്ളതാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ റോജി എം ജോൺ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ബിജെപി നേതാവ് ആർ ശ്രീലേഖയെ വിമർശിച്ച് മന്ത്രി റോജി എം ജോൺ












