Kerala News

മലപ്പുറത്ത് ഓട്ടോ ഉടമയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മലപ്പുറം: മലപ്പുറത്ത് ഓട്ടോയ്ക്ക് ഫിറ്റ്‌നെസ് ലഭിക്കാത്തതിനെ തുടര്‍ന്ന് വാഹന ഉടമ ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആത്മഹത്യക്ക് മുമ്പ് മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്ത് ഫേസേബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ എംവിഡിക്കെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. അഞ്ച് വര്‍ഷം മുമ്പാണ് ഷൗക്കത്തിന്റെ മരണത്തിലേക്ക് നയിച്ച സംഭവത്തിന്റ തുടക്കം. അഞ്ച് വര്‍ഷം മുന്‍പ് മഞ്ചേരി ഗ്രാന്‍ഡ് ഓട്ടോ ഷോറൂമില്‍ നിന്നാണ് ഇദ്ദേഹം പുതിയ ഓട്ടോ വാങ്ങുന്നത്. കൊണ്ടോട്ടി സബ് ആര്‍ടിഒ ഓഫീസില്‍ നിന്ന് വാഹനത്തിന്റെ രേഖകളും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും പോസ്റ്റല്‍ വഴി ലഭിച്ചിരുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം ഫിറ്റ്‌നസ് കാലാവധി അവസാനിച്ചു. പിന്നാലെ സുഹൃത്തുക്കളുടെ നിര്‍ദേശപ്രകാരമാണ് എംവിഡി ഏജന്റിനെ സമീപിക്കുന്നത്.എന്നാല്‍ അവിടെ എത്തിയപ്പോള്‍ സര്‍ക്കാര്‍ ഫീസിന് പുറമെ 2,000 രൂപ നല്‍കിയാല്‍ വാഹനം കാണിച്ച് ഫിറ്റ്‌നസ് നല്‍കാമെന്നായിരുന്നു ഏജന്റിന്റെ വാഗ്ദാനം. 4,000 രൂപ നല്‍കിയാല്‍ വാഹനം കാണിക്കാതെ തന്നെ ഫിറ്റ്‌നസ് ലഭിക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു. വേറെ വഴി ഇല്ലാതെ ഷൗക്കത്ത് 2,000 രൂപ നല്‍കി വാഹനം കാണിച്ച് ഫിറ്റ്‌നസ് നേടുകയായിരുന്നു. തുടര്‍ന്ന് രണ്ട് വര്‍ഷം കഴിഞ്ഞ് അഴിമതിക്ക് വഴങ്ങേണ്ടെന്ന നിലപാടില്‍ നേരിട്ട് ഫിറ്റ്‌നസിന് അപേക്ഷിച്ചിരുന്നു. കൊണ്ടോട്ടി ആര്‍ടിഒ ഓഫീസിന് സമീപത്തെ കോമണ്‍ സര്‍വീസ് സെന്റര്‍ വഴിയാണ് അപേക്ഷ നല്‍കിയത്. 2025 നവംബര്‍ 13 ഫിറ്റ്‌നസ് പരിശോധനയ്ക്കായി വാഹനവുമായി ഹാജരായിരുന്നു.

എന്നാല്‍ ആ സമയം മറ്റുള്ളവരുടെ വാഹനങ്ങള്‍ക്കൊപ്പം ഏജന്റുമാര്‍ ഉണ്ടായിരുന്നുവെന്നും പരാതി ഉണ്ട്. തന്റെ വാഹനത്തില്‍ മാത്രം ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തിയെന്നും ഷൗക്കത്ത് ആരോപിച്ചിരുന്നു. പെയിന്റില്‍ ചെറിയ ഡോട്ടുകള്‍ ചൂണ്ടിക്കാട്ടി വീണ്ടും പെയിന്റ് ചെയ്യാന്‍ ഷൗക്കത്തിനോട് നിര്‍ദേശിച്ചിരുന്നു. പിന്നാലെ പെയിന്റ് ചെയ്ത് തിരിച്ചെത്തിയപ്പോള്‍ സൈഡിലെ സ്റ്റീല്‍ കമ്പി മുഴുവന്‍ മുറിച്ചുമാറ്റണമെന്ന് നിര്‍ദേശിച്ചതായും ആരോപണമുണ്ട്. എന്നാല്‍ അതേ സ്റ്റീല്‍ വര്‍ക്ക് ഉണ്ടായിരുന്ന വാഹനത്തിന് മുന്‍പ് രണ്ട് തവണ എംവിഡി ഫിറ്റ്‌നസ് നല്‍കിയിരുന്നു എന്നതാണ് പ്രധാന ആരോപണം. എന്നാല്‍ പിന്നീട് അതേ കാരണത്താല്‍ ഫിറ്റ്‌നസ് നിഷേധിക്കുകയായിരുന്നെന്നാണ് പരാതി. തുടര്‍ന്ന് കൊണ്ടോട്ടി എംവിഐയെ നേരില്‍ കണ്ട് പരാതി അറിയിച്ചു. എന്നാല്‍ ഇതില്‍ പരിഹാരം ഉണ്ടായിരുന്നില്ല. ഫിറ്റ്‌നസ് ലഭിക്കുന്നതിനായി മലപ്പുറം ജില്ലയിലെ വിവിധ എംവിഡി ഏജന്റുമാരെയും ഡ്രൈവിങ് സ്‌കൂള്‍ അധികൃതരെയും ഷൗക്കത്ത് സമീപിച്ചിരുന്നു. നേരിട്ട് അപേക്ഷിച്ചതിനാല്‍ ഇടപെടാന്‍ കഴിയില്ലെന്ന് ചില ഏജന്റുമാര്‍ പറഞ്ഞതായും ആരോപണമുണ്ട്. തന്റെ വാഹന നമ്പര്‍ ഏജന്റുമാരിലേക്ക് എത്തിയതായുള്ള ഗുരുതരമായ ആരോപണവും ഷൗക്കത്ത് ഉയര്‍ത്തിയിരുന്നു. തുടര്‍ന്നുള്ള മാസങ്ങളില്‍ ഫിറ്റ്‌നസ് ലഭിക്കാത്തതിനെ തുടര്‍ന്ന് എംവിഡി ഓഫീസില്‍ ഷൗക്കത്ത് നിരവധി തവണ കയറിയിറങ്ങിയിരുന്നു. കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിട്ടും മറുപടി ലഭിച്ചിരുന്നില്ലെന്നും പരാതിയുണ്ട്.

10 മാസമായി ഫിറ്റ്‌നസ് ലഭിക്കാത്തതിനാല്‍ ഓട്ടോയുടെ ടാക്‌സി പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള രേഖകളുടെ കാലാവധി അവസാനിച്ചിരുന്നു. തൊഴില്‍ ചെയ്ത് ഉപജീവനം നടത്താനുള്ള സാഹചര്യം നഷ്ടപ്പെട്ടതായിരുന്നു ഷൗക്കത്തിനെ ഏറെ ദുഖത്തിലാഴ്ത്തിയിരുന്നത്. കൂടാതെ വാഹനത്തിന്റെ ഇഎംഐ ഉള്‍പ്പെടെയുള്ള സാമ്പത്തിക ബാധ്യതകളും പ്രതിസന്ധിയിലായി. ഇതിനെ തുടര്‍ന്നാണ് ഷൗക്കത്ത് ആത്മഹത്യ ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാകുന്നത്.

എന്നാല്‍ ഈ വിഷയം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട് എന്നതും പ്രധാനമാണ്. മുന്‍പ് ഇതേ വാഹനത്തിന് ഫിറ്റ്‌നസ് അനുവദിച്ചത് എങ്ങനെ? ഇപ്പോള്‍ അതേ സ്റ്റീല്‍ വര്‍ക്കിന്റെ പേരില്‍ ഫിറ്റ്‌നസ് നിഷേധിച്ചത് എന്തുകൊണ്ട്? മലപ്പുറം ജില്ലയിലെ സമാന സ്റ്റീല്‍ വര്‍ക്കുള്ള മറ്റ് ഓട്ടോകള്‍ക്ക് ഫിറ്റ്‌നസ് നല്‍കുന്നതിന്റെ മാനദണ്ഡം എന്ത്? നിയമവിരുദ്ധമാണെങ്കില്‍ മുന്‍പ് ഫിറ്റ്‌നസ് അനുവദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമോ? എന്നതടക്കമുള്ള ചോദ്യങ്ങള്‍ക്ക് നിയമപരമായി തന്നെ മറുപടി ലഭിക്കേണ്ടതുണ്ടെന്നാണ് ഷൗക്കത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത് ഷൗക്കത്തിന്റെ വാഹനവും സമാന സ്റ്റീല്‍ വര്‍ക്ക് ഉള്ള മറ്റ് വാഹനങ്ങളും ശാസ്ത്രീയ/ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ഉയരുന്ന ആവശ്യം. വാഹനപരിശോധന നടത്തിയ ഉദ്യോഗസ്ഥന്റെ പേരും തിരിച്ചറിയല്‍ വിവരങ്ങളും വ്യക്തമാക്കണമെന്നും ആവശ്യമുണ്ട്. വിഷയത്തില്‍ ആഭ്യന്തര വകുപ്പ് മന്ത്രിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്കും പരാതി നല്‍കിയതായി പറയുന്നുണ്ട്. എംവിഡിയിലെ അഴിമതി സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവും ഉയര്‍ത്തിയിട്ടുണ്ട്. ഏജന്റ് സംവിധാനം അവസാനിപ്പിക്കണമെന്നും കൈക്കൂലി വാങ്ങി വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് അനുവദിക്കുന്നുണ്ടെങ്കില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ആവശ്യമുണ്ട്. .

Related Posts

Leave a Reply