മലപ്പുറം: മലപ്പുറത്ത് ഓട്ടോയ്ക്ക് ഫിറ്റ്നെസ് ലഭിക്കാത്തതിനെ തുടര്‍ന്ന് വാഹന ഉടമ ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആത്മഹത്യക്ക് മുമ്പ് മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്ത് ഫേസേബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ എംവിഡിക്കെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. അഞ്ച് വര്‍ഷം മുമ്പാണ് ഷൗക്കത്തിന്റെ മരണത്തിലേക്ക് നയിച്ച സംഭവത്തിന്റ തുടക്കം. അഞ്ച് വര്‍ഷം മുന്‍പ് മഞ്ചേരി ഗ്രാന്‍ഡ് ഓട്ടോ ഷോറൂമില്‍ നിന്നാണ് ഇദ്ദേഹം പുതിയ ഓട്ടോ വാങ്ങുന്നത്. കൊണ്ടോട്ടി സബ് ആര്‍ടിഒ ഓഫീസില്‍ നിന്ന് വാഹനത്തിന്റെ രേഖകളും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും പോസ്റ്റല്‍ വഴി ലഭിച്ചിരുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം ഫിറ്റ്നസ് കാലാവധി അവസാനിച്ചു. പിന്നാലെ സുഹൃത്തുക്കളുടെ നിര്‍ദേശപ്രകാരമാണ് എംവിഡി ഏജന്റിനെ സമീപിക്കുന്നത്.എന്നാല്‍ അവിടെ എത്തിയപ്പോള്‍ സര്‍ക്കാര്‍ ഫീസിന് പുറമെ 2,000 രൂപ നല്കിയാല് വാഹനം കാണിച്ച് ഫിറ്റ്നസ് നല്‍കാമെന്നായിരുന്നു ഏജന്റിന്റെ വാഗ്ദാനം. 4,000 രൂപ നല്കിയാല് വാഹനം കാണിക്കാതെ തന്നെ ഫിറ്റ്നസ് ലഭിക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു. വേറെ വഴി ഇല്ലാതെ ഷൗക്കത്ത് 2,000 രൂപ നല്കി വാഹനം കാണിച്ച് ഫിറ്റ്നസ് നേടുകയായിരുന്നു. തുടര്‍ന്ന് രണ്ട് വര്‍ഷം കഴിഞ്ഞ് അഴിമതിക്ക് വഴങ്ങേണ്ടെന്ന നിലപാടില്‍ നേരിട്ട് ഫിറ്റ്നസിന് അപേക്ഷിച്ചിരുന്നു. കൊണ്ടോട്ടി ആര്‍ടിഒ ഓഫീസിന് സമീപത്തെ കോമണ്‍ സര്‍വീസ് സെന്റര്‍ വഴിയാണ് അപേക്ഷ നല്‍കിയത്. 2025 നവംബര്‍ 13 ഫിറ്റ്നസ് പരിശോധനയ്ക്കായി വാഹനവുമായി ഹാജരായിരുന്നു.
എന്നാല്‍ ആ സമയം മറ്റുള്ളവരുടെ വാഹനങ്ങള്‍ക്കൊപ്പം ഏജന്റുമാര്‍ ഉണ്ടായിരുന്നുവെന്നും പരാതി ഉണ്ട്. തന്റെ വാഹനത്തില്‍ മാത്രം ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തിയെന്നും ഷൗക്കത്ത് ആരോപിച്ചിരുന്നു. പെയിന്റില്‍ ചെറിയ ഡോട്ടുകള്‍ ചൂണ്ടിക്കാട്ടി വീണ്ടും പെയിന്റ് ചെയ്യാന്‍ ഷൗക്കത്തിനോട് നിര്‍ദേശിച്ചിരുന്നു. പിന്നാലെ പെയിന്റ് ചെയ്ത് തിരിച്ചെത്തിയപ്പോള്‍ സൈഡിലെ സ്റ്റീല്‍ കമ്പി മുഴുവന്‍ മുറിച്ചുമാറ്റണമെന്ന് നിര്‍ദേശിച്ചതായും ആരോപണമുണ്ട്. എന്നാല്‍ അതേ സ്റ്റീല്‍ വര്‍ക്ക് ഉണ്ടായിരുന്ന വാഹനത്തിന് മുന്‍പ് രണ്ട് തവണ എംവിഡി ഫിറ്റ്നസ് നല്‍കിയിരുന്നു എന്നതാണ് പ്രധാന ആരോപണം. എന്നാല്‍ പിന്നീട് അതേ കാരണത്താല്‍ ഫിറ്റ്നസ് നിഷേധിക്കുകയായിരുന്നെന്നാണ് പരാതി. തുടര്‍ന്ന് കൊണ്ടോട്ടി എംവിഐയെ നേരില്‍ കണ്ട് പരാതി അറിയിച്ചു. എന്നാല്‍ ഇതില്‍ പരിഹാരം ഉണ്ടായിരുന്നില്ല. ഫിറ്റ്നസ് ലഭിക്കുന്നതിനായി മലപ്പുറം ജില്ലയിലെ വിവിധ എംവിഡി ഏജന്റുമാരെയും ഡ്രൈവിങ് സ്കൂള്‍ അധികൃതരെയും ഷൗക്കത്ത് സമീപിച്ചിരുന്നു. നേരിട്ട് അപേക്ഷിച്ചതിനാല്‍ ഇടപെടാന്‍ കഴിയില്ലെന്ന് ചില ഏജന്റുമാര്‍ പറഞ്ഞതായും ആരോപണമുണ്ട്. തന്റെ വാഹന നമ്പര്‍ ഏജന്റുമാരിലേക്ക് എത്തിയതായുള്ള ഗുരുതരമായ ആരോപണവും ഷൗക്കത്ത് ഉയര്‍ത്തിയിരുന്നു. തുടര്‍ന്നുള്ള മാസങ്ങളില്‍ ഫിറ്റ്നസ് ലഭിക്കാത്തതിനെ തുടര്‍ന്ന് എംവിഡി ഓഫീസില്‍ ഷൗക്കത്ത് നിരവധി തവണ കയറിയിറങ്ങിയിരുന്നു. കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിട്ടും മറുപടി ലഭിച്ചിരുന്നില്ലെന്നും പരാതിയുണ്ട്.
10 മാസമായി ഫിറ്റ്നസ് ലഭിക്കാത്തതിനാല്‍ ഓട്ടോയുടെ ടാക്സി പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള രേഖകളുടെ കാലാവധി അവസാനിച്ചിരുന്നു. തൊഴില്‍ ചെയ്ത് ഉപജീവനം നടത്താനുള്ള സാഹചര്യം നഷ്ടപ്പെട്ടതായിരുന്നു ഷൗക്കത്തിനെ ഏറെ ദുഖത്തിലാഴ്ത്തിയിരുന്നത്. കൂടാതെ വാഹനത്തിന്റെ ഇഎംഐ ഉള്‍പ്പെടെയുള്ള സാമ്പത്തിക ബാധ്യതകളും പ്രതിസന്ധിയിലായി. ഇതിനെ തുടര്‍ന്നാണ് ഷൗക്കത്ത് ആത്മഹത്യ ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാകുന്നത്.












