നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിലെ പ്രതി സുഹൈൽ സജീവിന് നേരെ നാട്ടുകാരുടെ കയ്യേറ്റശ്രമം. ആശുപത്രിയിൽ പരിശോധനകൾക്ക് ശേഷം പോലീസ് സുഹൈലിനെ തിരികെ കൊണ്ടുപോകുന്ന ഘട്ടത്തിലാണ് ആക്രമണമുണ്ടായത്. പ്രതിയെ കണ്ടയുടൻ നാട്ടുകാർ പെട്ടെന്ന് ചുറ്റും കൂടുകയും ‘നിന്റെ വാപ്പ എവിടേടാ’ എന്ന് ചോദിച്ച് ആക്രമിക്കുകയായിരുന്നു.
ആദ്യം അടിക്കാൻ ശ്രമിച്ചയാളെ പോലീസ് തടഞ്ഞെങ്കിലും, പിന്നീട് ആശുപത്രിയുടെ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ വശത്തുനിന്നുണ്ടായ ആക്രമണം സുഹൈലിന്റെ മുഖത്ത് കൊള്ളുകയായിരുന്നു. മുഖം പൊത്തിപ്പിടിച്ചാണ് പിന്നീട് സുഹൈൽ നടന്നത്. തുടർന്ന് പോലീസ് ഇയാളെ വീണ്ടും ആശുപത്രിയിലേക്ക് തന്നെ തിരികെ കൊണ്ടുപോയി. ആക്രമണത്തിൽ പ്രതിക്ക് കാര്യമായ പരിക്കുകൾ ഒന്നുമില്ലെന്നാണ് വിവരം.
അതേസമയം, പോലീസിന്റെ കസ്റ്റഡിയിലിരിക്കെ പ്രതിയെ അടിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടിയിട്ടുണ്ട്. ‘കസ്റ്റഡിയിലിരിക്കുന്ന ആളെ അടിക്കാറായോടാ’ എന്ന് ചോദിച്ചുകൊണ്ട് പോലീസുകാർ ഇയാളെ പിടികൂടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. നെടുമ്പാശ്ശേരിയിലേക്ക് സുഹൃത്തുക്കളെ കൂട്ടാനായി യാത്ര ചെയ്യുകയായിരുന്നു സുഹൈൽ സജീവ് എന്നാണ് വിവരം. എന്നാൽ യാത്രയ്ക്കിടയിൽ വഴിയിലെ മൂന്ന് ബാറുകളിൽ കയറി പ്രതി മദ്യപിച്ചിരുന്നതായും, ഇതിന്റെ ദൃശ്യങ്ങൾ ഇയാൾ സ്വന്തം മൊബൈൽ ഫോണിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും വ്യക്തമായിട്ടുണ്ട്. കൊച്ചിയിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ‘ഇഹാ ഡിസൈൻസി’ന്റെ ഉടമകളായ നൂഹ സജീവിന്റെയും സജീവ് ജമാലിന്റെയും മകനാണ് സുഹൈൽ സജീവ്.
സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലടക്കം വലിയ പ്രതിഷേധമാണ് പ്രതിക്ക് എതിരെ ഉയരുന്നത്. നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അപകടം നടന്നത്. ഇയാൾ ഓടിച്ച മിനികൂപ്പർ കാർ അതിവേഗതയിൽ ചെന്ന് മൂന്നുപേർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവർ സംഭവസ്ഥലത്തുതന്നെ തൽക്ഷണം മരിച്ചു. സുഹൈൽ സജീവിനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് കേസെടുത്തിട്ടുള്ളത്.












