Kerala News

തിരുവനന്തപുരം മൃഗശാല സ്ഥിതി ചെയ്യുന്ന സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃക വരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാല സ്ഥിതി ചെയ്യുന്ന സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃക വരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തിരുവനന്തപുരത്തുതന്നെ വനാര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്തേക്ക് മൃഗശാല മാറ്റി സ്ഥാപിക്കും. മൃഗശാല സിറ്റിയില്‍ തുടരുന്നത് മൃഗങ്ങളോടുള്ള ക്രൂരതയാണ്. മൃഗശാല സ്ഥിതി ചെയ്യുന്ന സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃകയായിരിക്കും വരാന്‍ പോകുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. തിരുവനന്തപുരം മൃഗശാല നഗരത്തില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറ്റേണ്ടതുണ്ടെന്ന് സതീശന്‍ മുന്‍പും പറഞ്ഞിരുന്നു. മൃഗശാല സ്ഥിതി ചെയ്യുന്നത് ഉചിതമായ സ്ഥലത്തല്ലെന്നായിരുന്നു സതീശന്‍ പറഞ്ഞത്. മൃശാല നെയ്യാര്‍ പോലെ കാടുമായി ചേര്‍ന്നുനില്‍ക്കുന്ന സ്ഥലത്തേക്ക് മാറ്റണമെന്നാണ് തന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയായിരുന്നു വി ഡി സതീശന്‍ നിലപാട് വ്യക്തമാക്കിയത്. മൃഗശാലയിരിക്കുന്ന സ്ഥലത്ത് കണ്ണുവെച്ചിട്ടുണ്ടെന്ന് ഇന്നലെ വാർത്താസമ്മേളനത്തിലും സതീശൻ പറഞ്ഞിരുന്നു. മൃഗശാല മാറ്റുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയായിരുന്നു സതീശൻ ഇക്കാര്യം പറഞ്ഞത്. മൃഗശാല മാറ്റുന്നതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. മൃഗശാല മാറ്റണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം വാണിജ്യ ലക്ഷ്യത്തോടെയാണെന്ന് മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ വി കെ പ്രശാന്ത് വിമര്‍ശിച്ചിരുന്നു. മുതലാളിമാര്‍ക്ക് മറിച്ച് കൊടുക്കാനുള്ള ശ്രമുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മൃഗശാല മാറ്റാനുള്ള നീക്കവുമായി മുന്നോട്ടുപോകുകയാണെങ്കില്‍ ഇടതുപക്ഷം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും വി കെ പ്രശാന്ത് പറഞ്ഞിരുന്നു. തിരുവനന്തപുരം മൃഗശാല മാറ്റിസ്ഥാപിക്കുന്നത് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെ വന്‍താരയ്ക്ക് വേണ്ടിയാണെന്നുള്ള ആക്ഷേപവും ഉയര്‍ന്നിരുന്നു. വിമർശനങ്ങൾക്കിടെ മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു തിരുവനന്തപുരം മേയർ വി വി രാജേഷ് സ്വീകരിച്ചത്. നഗരത്തിലായതിനാല്‍ വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങള്‍ ചത്ത് പോകുന്നുവെന്നും 160 വര്‍ഷങ്ങള്‍ക്ക് മുമ്പ് മൃഗശാല നിര്‍മ്മിച്ചപ്പോഴുള്ള അന്തരീക്ഷമല്ല ഇപ്പോഴെന്നും മേയര്‍ പറഞ്ഞിരുന്നു.  മൃഗങ്ങളുടെ ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ മറ്റൊരിടത്തേക്ക് മൃഗശാല മാറ്റണമെന്നും വി വി രാജേഷ് ആവശ്യപ്പെട്ടിരുന്നു.

Related Posts

Leave a Reply