Kerala News

യുഡിഎഫ് സര്‍ക്കാര്‍ ലൈഫ് പദ്ധതിക്ക് തുരങ്കം വെയ്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ ലൈഫ് പദ്ധതിക്ക് തുരങ്കം വെയ്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സര്‍ക്കാരിന് പാവപ്പെട്ടവരോടുള്ള സമീപനം ഇതാണെന്നും താന്‍ മുഖ്യമന്ത്രി ആയപ്പോള്‍ കൂടുതലും വീട് വേണം എന്ന ആവശ്യമാണ് മുന്നില്‍ എത്തിയതെന്നും ഇതോടെയാണ് എന്ത് ചെയ്യാനാവും എന്ന് ആലോചിച്ചതെന്നും പിണറായി പറഞ്ഞു. ‘പാവപ്പെട്ടവര്‍ക്ക് എങ്ങനെ വീട് നല്‍കാനാവും എന്ന ചിന്തയില്‍ നിന്നാണ് ലൈഫ് പദ്ധതി വരുന്നത്. രാജ്യത്ത് തന്നെ ആദ്യമായാണ് അങ്ങനെ ഒരു പദ്ധതി വരുന്നത്. ചില്ലറ പൈസക്ക് പണി പൂര്‍ത്തിയാക്കാന്‍ കഴിയും എന്നാണ് പല സര്‍ക്കാരുകളും കരുതിയത്. അങ്ങനെ പലരും കടത്തില്‍ ആയി. നല്ല ഒരു വീട് പണിയാന്‍ 4 ലക്ഷം രൂപ എങ്കിലും വേണ്ടി വരുമെന്ന് കണ്ടാണ് അത്രയും തുക അനുവദിച്ചതെന്നും പിണറായി വിജയന്‍ പറഞ്ഞു. രാജ്യത്ത് മറ്റൊരിടത്തും ഇത്രയും തുക അനുവദിച്ചിരുന്നില്ലെന്നും മറ്റൊരിടത്തും ഇല്ല എന്നത് കൊണ്ട് നമ്മള്‍ പദ്ധതി വേണ്ടെന്നു വെച്ചില്ലെന്നും പിണറായി പറഞ്ഞു. അങ്ങനെ ആണ് ലൈഫ് പദ്ധതിക്ക് നാല് ലക്ഷം അനുവദിച്ചത്. കേന്ദ്രം പണം നല്‍കുന്ന വീടുകളില്‍ എംബ്ലവും ചിത്രവും വെക്കണം എന്ന് പറഞ്ഞിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അന്ന് അതിനെ എതിര്‍ത്തു. അത് താമസക്കാരുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന പ്രവര്‍ത്തിയായതിനാല്‍ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടു. വേണം എന്ന നിര്‍ബന്ധത്തില്‍ ആയിരുന്നു കേന്ദ്രസര്‍ക്കാര്‍. എങ്കിലും കഴിയില്ല എന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ലൈഫ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഈ സമയത്തും മുന്നോട്ട് പോയി. അതിനുള്ള മുഴുവന്‍ തുകയും സംസ്ഥാന സര്‍ക്കാര്‍ നല്‍കി.’ പിണറായി പറഞ്ഞു.

അധികാരത്തില്‍ വന്നപ്പോള്‍ ഈ വിഷയത്തില്‍ യുഡിഎഫ് സ്വീകരിച്ച നിലപാട് മന്ത്രിമാരുടെ പ്രസ്താവനയായി പുറത്തുവന്നുവെന്നും കേന്ദ്രത്തിനൊപ്പം യുഡിഎഫ് സന്നദ്ധമായി നില്‍ക്കുന്നതില്‍ ആശ്ചര്യപ്പെടാന്‍ ഒന്നുമില്ലെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു. ലൈഫ് തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ പൂര്‍ണമായി ഇല്ലാതാക്കുമെന്ന് പറഞ്ഞവര്‍ ആണ് യുഡിഎഫ്. താമസിക്കുന്നവരുടെ അഭിമാനത്തെ വ്രണപ്പെടുത്താന്‍ കേന്ദ്രത്തിനൊപ്പം യുഡിഎഫ് നില്‍ക്കുമെന്നും പിണറായി ആരോപിച്ചു. സംസ്ഥാനത്തെ വിലവര്‍ധന തടയാന്‍ പഴയ സര്‍ക്കാര്‍ പലതും ചെയ്തിരുന്നു. ഇപ്പോള്‍ വലിയ വിലക്കയറ്റമാണ് നേരിടുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും പിണറായി ആരോപിച്ചു. പവര്‍ കട്ടിന് കാരണം സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ്. ഒരു ദിവസം എത്ര തവണ ആണ് ഇപ്പോള്‍ വൈദ്യുതി പോകുന്നത്. 10 വര്‍ഷം പവര്‍ കട്ട് ഉണ്ടായിരുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

Related Posts

Leave a Reply