Kerala News

കേരളത്തിൽ ആദ്യമായി വിസ്റ്റാഡോം ട്രെയിൻ; .ഒക്ടോബർ 22 മുതൽ സർവീസ് ആരംഭിക്കും

മധുര-ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് അനുവദിച്ചതായി
കൊടിക്കുന്നിൽ സുരേഷ് എംപി. ഇതാദ്യമായാണ് കേരളത്തിൽ ഒരു ട്രെയിനിൽ വിസ്റ്റാഡോം കോച്ച് യാഥാർത്ഥ്യമാകുന്നത്.ഒക്ടോബർ 22 മുതൽ സർവീസ് ആരംഭിക്കും. ഫേസ് ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യാത്രക്കാർക്ക് പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് യാത്ര ചെയ്യാൻ അവസരമൊരുക്കുന്ന ഈ സംവിധാനം കേരളത്തിലെ റെയിൽവേ യാത്രാനുഭവത്തിന് പുതിയ വഴിയൊരുക്കും എന്നാണ് പ്രതീക്ഷ.
മധുരയിൽനിന്ന് പുനലൂർ കൊട്ടാരക്കര വഴി ഗുരുവായൂരിലേക്കുള്ള 16327-ാം നമ്പർ എക്സ്പ്രസിൽ 2026 ഒക്ടോബർ 22 മുതൽ 2027 ജനുവരി 15 വരെ വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വിസ്റ്റാഡോം കോച്ച് ഉൾപ്പെടെയുള്ള പുതുക്കിയ കോച്ച് ഘടനയിലായിരിക്കും സർവീസ് നടത്തുക. ഗുരുവായൂരിൽ നിന്ന് മധുരയിലേക്കുള്ള 16328-ാം നമ്പർ എക്സ്പ്രസിൽ ഒക്ടോബർ 23 മുതൽ 2027 ജനുവരി 16 വരെ വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ ഈ സൗകര്യം ലഭ്യമാകും. നിലവിലുള്ള 13 എൽഎച്ച്ബി കോച്ചുകളിൽ 13 എണ്ണം നിലനിർത്തിക്കൊണ്ടാണ് വിസ്റ്റാഡോം കോച്ച് ഉൾപ്പെടുത്തിയുള്ള താൽക്കാലിക പുനഃക്രമീകരണം നടപ്പാക്കുന്നത്.

നിരന്തര ഇടപെടലുകളുടെ ഫലമായാണ് മധുര–ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് അനുവദിച്ചിരിക്കുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി. “ഈ ആവശ്യം യാഥാർത്ഥ്യമാക്കുന്നതിനായി റെയിൽവേ മന്ത്രി തലത്തിലും റെയിൽവേ ബോർഡ് തലത്തിലും ദക്ഷിണ റെയിൽവേ തലത്തിലും നിരന്തരമായ ഇടപെടലുകളാണ് നടത്തിയത്. യാത്രക്കാർക്ക് കൂടുതൽ മികച്ച യാത്രാസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും കേരളത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ റെയിൽവേയിലൂടെ പ്രയോജനപ്പെടുത്തുന്നതിനുമായി നടത്തിയ ഈ ശ്രമങ്ങൾക്ക് ഫലം കണ്ടതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം കുറിച്ചു.
വിസ്തൃതമായ ഗ്ലാസ് ജനാലകളിലൂടെ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് യാത്ര ചെയ്യാൻ കഴിയുന്ന വിസ്റ്റാഡോം കോച്ച് വിനോദസഞ്ചാരികൾക്കും കുടുംബങ്ങൾക്കും പുതിയൊരു യാത്രാനുഭവം സമ്മാനിക്കും. പുനലൂർ, കൊട്ടാരക്കര വഴിയുള്ള മധുര–ഗുരുവായൂർ റെയിൽ യാത്രയെ കൂടുതൽ ആകർഷകമാക്കുന്നതിനും കേരളത്തിന്റെ പ്രകൃതിസൗന്ദര്യം യാത്രക്കാർക്ക് അടുത്തറിയുന്നതിനും ഈ സംവിധാനം സഹായകരമാകും.

Related Posts

Leave a Reply