കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് അനുകൂലമായി കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയെന്ന പികെ ഫിറോസ് എംഎല്‍എയുടെ വാദം തെറ്റ്. ജില്ലാ ഭരണകൂടവും മലിനീകരണ നിയന്ത്രണ ബോര്‍ഡും പരിശോധ നടത്തണമെന്ന് പഞ്ചായത്ത് സെക്രട്ടറി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞതുപ്രകാരം പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡും ജില്ലാ ഭരണകൂടവും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയ ശേഷം സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നെങ്കില്‍ ഹൈക്കോടതി സ്‌റ്റേ നല്‍കില്ലായിരുന്നുവെന്നാണ് പി കെ ഫിറോസ് എംഎല്‍എ നേരത്തെ ആരോപണം ഉന്നയിച്ചത്. നടപടിക്രമങ്ങള്‍ പാലിക്കാതെ സ്റ്റോപ്പ് മെമ്മോ നല്‍കിയത് കൊണ്ടാണ് സ്‌റ്റേ എന്നായിരുന്നു ആരോപണം. ഈ വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.
ഓഗസ്റ്റ് 1, 2 തിയതികളില്‍ കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡും ജില്ലാ ഭരണകൂടവും ഫ്രഷ് കട്ടില്‍ പരിശോധന നടത്തുന്നത് ഉചിതമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഫ്രഷ് കട്ടിന് സ്റ്റോപ്പ് മെമ്മോ നല്‍കിയത് ഫ്രഷ് കട്ടില്‍ പരിശോധന നടത്താതെയെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കിയത്. ഇതാണ് സ്‌റ്റോപ്പ് മെമ്മോയ്ക്ക് സ്‌റ്റേ വരാനുള്ള പ്രധാനകാരണം.












