Kerala News

DYFIയുടെ ജീവൻരക്ഷാ പദ്ധതിയെ പരിഹസിച്ച് ക്യാപ്ഷൻ; ഏഷ്യാനെറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി കെ സനോജ്

കണ്ണൂര്‍: ഹൃദയാഘാത സമയത്ത് അടിയന്തരമായി സിപിആര്‍ നല്‍കാന്‍ യുവാക്കളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡിവൈഎഫ്‌ഐ തുടക്കമിട്ട ‘ഹൃദയതാളം’ പദ്ധതിയ പരിഹസിച്ച് രംഗത്തെത്തിയ ഏഷ്യാനെറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി കെ സനോജ് എംഎല്‍എ. ഡിവൈഎഫ്‌ഐയുടെ ജീവന്‍രക്ഷാ പരിശീലന വാര്‍ത്തയ്‌ക്കൊപ്പം ‘കരിങ്കൊടി കാണിക്കുന്ന കെഎസ്‌യുക്കാരെ നേരിടുന്നതെങ്ങനെ?’എന്ന വാചകം ഏഷ്യാനെറ്റ് ബോധപൂര്‍വ്വം കൂട്ടിച്ചേര്‍ക്കുകയായിരുന്നുവെന്ന് വി കെ സനോജ് ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിച്ചു. ‘അത് ഒരിക്കലും ഒരു നിഷ്‌കളങ്കമായ അബദ്ധമല്ല. പരിശീലന പരിപാടിയുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്ക് ഒപ്പവും ഇതേ നുണ തന്നെയാണ് അവര്‍ നല്‍കുകയും പറയുകയും ചെയ്തത് എന്നതില്‍ നിന്ന് തന്നെ അറിഞ്ഞുകൊണ്ടാണ് ഏഷ്യാനെറ്റ് അങ്ങനെ ഒരു തെറ്റ് വരുത്തിയത് എന്നുറപ്പാണ്. ഒരു ജീവന്‍രക്ഷാ പരിശീലനത്തെപ്പോലും ഇത്രയും വികലമായി പരിഹാസബുദ്ധിയോടെ ചിത്രീകരിക്കുന്നത് ഏഷ്യാനെറ്റ് പിന്തുടരുന്ന അവരുടെ മുതലാളിയുടെ രാഷ്ട്രീയത്തിന്റെ ഭാഗം ആയിരിക്കാം’, സനോജ് പറഞ്ഞു.

ബിജെപിക്ക് വേണ്ടി ഹിന്ദി ബെല്‍റ്റില്‍ റിപ്പബ്ലിക് ചാനല്‍ എടുക്കുന്ന പണിയാണ് കേരളത്തില്‍ കുറച്ച് കാലമായി ഏഷ്യാനെറ്റിന്റെ നേതൃത്വത്തിലെടുക്കുന്നതെന്നും വി കെ സനോജ് പറഞ്ഞു. അതിന്റെ ഭാഗമായാണ് ഇടതുപക്ഷത്തിനെതിരെ നിരന്തരം വ്യാജവാര്‍ത്തകള്‍ കൊടുക്കുന്നത്. മാധ്യമ സ്വാതന്ത്ര്യമെന്നാല്‍ വ്യാജ വാര്‍ത്ത കൊടുക്കാനുള്ള സ്വാതന്ത്ര്യമല്ല. അത് സത്യം പറയാനുള്ള സ്വാതന്ത്ര്യമാണ്. അത് ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകര്‍ ഓര്‍ക്കണം. ഇത് മാധ്യമപ്രവര്‍ത്തനമല്ല, ലളിതമായി പറഞ്ഞാല്‍ തല്ല് കൊള്ളിത്തരമാണ്. വ്യാജ വാര്‍ത്ത കൊടുക്കുന്നവര്‍ അത് കൂടി ഓര്‍ക്കണമെന്നും സനോജ് വിമര്‍ശിച്ചു. ഡിവൈഎഫ്‌ഐയുടെ പതിനാറാമത് സംസ്ഥാന സമ്മേളനത്തിലായിരുന്നു ‘ഹൃദയതാളം’ പദ്ധതി പ്രഖ്യാപിച്ചത്. ഹൃദയാഘാതം മൂലമുള്ള മരണങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ അടിയന്തരമായി സിപിആര്‍ കൊടുക്കാന്‍ ആദ്യഘട്ടം ഒരു ലക്ഷം വളണ്ടിയര്‍മാരെ ഒരുക്കിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശീലനവും ആരംഭിച്ചിരുന്നു. അത്തരത്തില്‍ പാലക്കാട് നടന്ന ഒരു പരിശീലന പരിപാടിയുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു വാര്‍ത്തയ്ക്ക് നല്‍കിയ ക്യാപ്ഷന്‍ വിവാദമായിരുന്നു. ‘സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തന ക്ലാസുമായി ഡിവൈഎഫ്‌ഐ. കരിങ്കൊി കാണിക്കുന്ന കെഎസ്‌യുക്കാരെ നേരിടുന്നങ്ങെനെ?. ആദ്യം നടപ്പാക്കുന്നത് പാലക്കാട് ജില്ല കമ്മിറ്റി’ എന്നായിരുന്നു ഫേസ്ബുക്കില്‍ നല്‍കിയ ക്യാപ്ഷന്‍. ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ ക്യാപ്ഷന്‍ എഡിറ്റ് ചെയ്തിരുന്നു. ‘സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തന ക്ലാസുകളുമായി ഡിവൈഎഫ്‌ഐ. ആദ്യം നടപ്പാക്കുന്നത് പാലക്കാട് ജില്ല കമ്മിറ്റി’ എന്നായിരുന്നു തിരുത്തിയത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടും സനോജ് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

 

Related Posts

Leave a Reply