Kerala News

നെടുമ്പാശ്ശേരി വാഹനാപകടക്കേസില്‍ പ്രതി സുഹൈല്‍ സജീവ് അടക്കമുള്ള പ്രതികൾക്ക് തിരിച്ചടി

കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടക്കേസില്‍ പ്രതി സുഹൈല്‍ സജീവ് അടക്കമുള്ള പ്രതികൾക്ക് തിരിച്ചടി. നാലുപേരുടെയും ജാമ്യാപേക്ഷ തള്ളി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. മുഖ്യപ്രതി സുഹൈൽ, സുഹൃത്തുക്കളായ നിനവ്, ജോയൽ, അമീൻ എന്നിവരുടെ ജാമ്യപേപേക്ഷയിലായിരുന്നു വിധി.

പ്രതികൾക്കെതിരെ കൃത്യമായ തെളിവുകളുള്ളതിനാൽ ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഇന്നലെ നാലുമണിക്കൂറോളമാണ് വാദപ്രതിവാദം നീണ്ടത്. സുഹൈലിനെതിരെ ചുമത്തിയ കുറ്റകരമായ നരഹത്യ നിലനിൽക്കില്ലെന്നും പ്രതികൾക്കെതിരെ ഗൂഢാലോചന നടന്നുവെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതികൾക്ക് പ്രായക്കുറവായതിനാൽ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.എന്നാൽ 19 വയസ് ആണെങ്കിലും കുറ്റവും ഭവിഷ്യത്തും അറിയുന്നവരാണ് പ്രതികളെന്നും പ്രതികൾക്കെതിരെ കൃത്യമായ തെളിവുകൾ ഉണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. സുഹൈലിന്റെ ശരീരത്തിൽ അനുവദനീയമായതിലും അഞ്ച് ഇരട്ടി മദ്യം ഉണ്ടായിരുന്നുവെന്ന ശാസ്ത്രീയ പരിശോധനാ ഫലവും പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണെന്നായിരുന്നു പരിശോധനാ ഫലം വന്നതിന് പിന്നാലെ പൊലീസ് പറഞ്ഞത്. സുഹൈല്‍ മദ്യലഹരിയിലായിരുന്നുവെന്ന ദൃക്‌സാക്ഷികളുടെ മൊഴി ശരിവയ്ക്കുന്നതായിരുന്നു സാമ്പിള്‍ റിപ്പോര്‍ട്ട്. 30മില്ലിഗ്രാമാണ് അനുവദനീയമായ മദ്യത്തിന്റെ പരിധി. എന്നാല്‍, 150 മില്ലീഗ്രാമിലധികം മദ്യം സുഹൈല്‍ കഴിച്ചുവെന്നാണ് പരിശോധനാ ഫലത്തില്‍ പറയുന്നത്.

ഒന്നാം പ്രതി സുഹൈലും രണ്ടാം പ്രതി നിനവും സംഭവം നടന്ന ദിവസം ഉച്ചമുതല്‍ തന്നെ മദ്യപിക്കാന്‍ ആരംഭിച്ചുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇരുവരും ആദ്യം വൈറ്റിലയിലെ ബാറില്‍ കയറി അമിതമായി മദ്യപിച്ചിരുന്നു. പിന്നീട് വൈകീട്ട് പാലാരിവട്ടത്തെ ബാറിലും നെടുമ്പാശ്ശേരിയിലെ ആഢംബര ഹോട്ടലില്‍ വച്ച് പുലര്‍ച്ചെ വരെയും മദ്യപിച്ചിരുന്നതായും വ്യക്തമായിരുന്നു. പരമാവധി തെളിവുകള്‍ ശേഖരിച്ച് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കാനുള്ള മുന്‍കരുതലുകളാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് മദ്യലഹരിയില്‍ സുഹൈല്‍ സജീവ് ഓടിച്ച മിനി കൂപ്പര്‍ കാര്‍ മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചത്. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവര്‍ അപകടത്തിൽ തല്‍ക്ഷണം മരിച്ചിരുന്നു. തൃക്കാക്കര കരകൗശല വില്‍പനശാലയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നവരായിരുന്നു മരിച്ച മൂന്ന് വിദ്യാര്‍ത്ഥികളും. സ്ഥാപനത്തിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം രാത്രിയില്‍ ചായ കുടിച്ച് മടങ്ങിവരവെയാണ് അപകടമുണ്ടായത്.

Related Posts

Leave a Reply