തിരുവനന്തപുരം: ശബരിമലയിലെ സീസണ് ആരംഭിക്കുന്നതിനു മുന്നോടിയായി ഒരുക്കങ്ങള് വിലയിരുത്തി മുഖ്യമന്ത്രി വി ഡി സതീശന്. ഈ മണ്ഡല കാലത്ത് അരവണ അടക്കമുള്ള പ്രസാദങ്ങളുടെ ലഭ്യതയിൽ യാതൊരു കുറവുമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. നിലയ്ക്കലിലെലും പമ്പയിലെയും ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്നിധാനത്തെത്തിയും പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരത്ത് നടത്തിയ ചര്ച്ച എത്രത്തോളം പ്രാവര്ത്തികമായി എന്ന് വിലയിരുത്തും. പൊലീസ്, ഫയര്ഫോഴ്സ് തുടങ്ങിയ സേനകളെ കൃത്യമായി വിന്യസിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മരാമത്ത് പണികള് സമയത്തിന് മുന്പ് തന്നെ തീര്ക്കാനുള്ള നടപടിക്രമങ്ങള് നടക്കുന്നുണ്ട്. പമ്പയിലെ തുണി എത്ര നീക്കം ചെയ്താലും വീണ്ടും കുമിഞ്ഞു കൂടുകയാണ്. അത് കാര്യക്ഷമമായി നീക്കാനുള്ള ശ്രമം ഉണ്ടാകും. നിലയ്ക്കലില് തിരക്ക് നിയന്ത്രിക്കാനായി 6000 പേരെ വീതം ഉൾക്കൊള്ളാവുന്ന ജര്മ്മന് മാതൃകയിലുള്ള വിശ്രമകേന്ദ്രം നിർമ്മിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ശബരിമലയിലെ മാലിന്യനിര്മാര്ജനം വലിയ പ്രതിസന്ധിയാണ്. ക്ലീന് കേരള മിഷനുമായി ചേര്ന്ന് അത് പരിഹരിക്കും. വെളിച്ചം വിന്യസിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. മേഖലയില് മോട്ടോര് വെഹിക്കിള് ഡിപ്പാര്ട്ട്മെന്റിന്റെ പരിശോധന ശക്തമാക്കും. ചാലക്കയം റോഡ് റെക്കോര്ഡ് വേഗത്തിലാണ് പൂര്ത്തിയാക്കിയത്. ബാക്കി റോഡുകളുടെ അറ്റകുറ്റപ്പണികൾ നടന്നുവരികയാണ്. എക്സൈസ് പരിശോധനയും കാര്യക്ഷമമായി തന്നെ നടക്കുന്നുണ്ട്. ജില്ലയിലെ എല്ലാ ആശുപത്രികളും കാര്യക്ഷമമായി പ്രവര്ത്തിക്കും. കോട്ടയം മെഡിക്കല് കോളേജ് ഉള്പ്പെടെയുള്ള എല്ലായിടങ്ങളിലും കൃത്യമായി പ്രവര്ത്തനം നടക്കും. നല്ല രീതിയില് ഈ സീസണ് കൊണ്ടുപോകാന് കഴിയും എന്നാണ് പ്രതീക്ഷ. ഭക്തരുടെ എണ്ണം നിയന്ത്രിക്കുന്നതിന് കോടതിയുടെ ചില നിര്ദ്ദേശങ്ങള് ഉണ്ട്. ഈ സീസണ് കഴിഞ്ഞാല് ദീര്ഘകാല സൗകര്യങ്ങള് മെച്ചപ്പെടുത്തുന്നതിന് വേണ്ടി തിരുപ്പതി മോഡല് വികസന പ്രവര്ത്തനങ്ങള്ക്ക് തുടക്കം കുറിക്കാനും പദ്ധതിയുണ്ട്. ഏറ്റവും വലിയ തീര്ത്ഥാടന കേന്ദ്രമായി ശബരിമലയെ മാറ്റുവാനുള്ള പദ്ധതിയാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഭക്തര്ക്ക് സൗജന്യമായി വിരിവയ്ക്കാനുള്ള ഇടങ്ങള് കണ്ടെത്തുമെന്നും മാസപൂജ അവസാനിക്കുന്നതോടുകൂടി അതില് തീരുമാനം ആക്കുമെന്നും ദേവസ്വം ബോര്ഡ് പ്രസിഡന്റ് കെ ജയകുമാറും അറിയിച്ചു.












