കൊല്ലം കുണ്ടറയിൽ വെള്ളിമൺ സ്വദേശിയായ രാജുവിന്റെ (56) കൊലപാതകത്തിന് പിന്നിൽ ഭാര്യ ലേഖ മേരിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ഭർത്താവ് വീട്ടിൽ കുഴഞ്ഞുവീണതാണെന്ന് വിശ്വസിപ്പിച്ച് നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു ഇവർ.
എന്നാൽ പോസ്റ്റ്മോർട്ടത്തിൽ കഴുത്ത് ഞെരിച്ചാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞതോടെ കുണ്ടറ പൊലീസ് ലേഖ മേരിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ സ്വത്ത് തർക്കത്തെ തുടർന്ന് ബെൽറ്റ് ഉപയോഗിച്ച് ഭർത്താവിന്റെ കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇവർ പൊലീസിന് മുന്നിൽ കുറ്റസമ്മതം നടത്തി. സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.












