കോഴിക്കോട്: മുഖ്യമന്ത്രി വി ഡി സതീശനെതിരായ വിമര്‍ശനത്തില്‍ വിശദീകരണവുമായി സമസ്ത മുഖപത്രം സുപ്രഭാതം. ‘മര്യാദക്ക് സംസാരിക്കണം’ എന്ന തലക്കെട്ടില്‍ വന്നത് എഡിറ്റോറിയലല്ല, ലേഖനമെന്ന് മാനേജിങ് എഡിറ്റര്‍ ടി പി ചെറൂപ്പ. ‘വ്യക്തിവിചാരം’ എന്ന കോളം എഡിറ്റോറിയല്‍ ആയി തെറ്റിദ്ധരിക്കപ്പെട്ടു. തലക്കെട്ട് പത്രത്തിന്റെ ഭാഷയോ നിലപാടോ അല്ലെന്നും വിശദീകരണമുണ്ട്.
സുപ്രഭാതം ആഴ്ചയില്‍ ഒരിക്കല്‍ മുഖപ്രസംഗം എഴുതാറില്ല. അന്നാണ് വ്യക്തിവിചാരം എന്ന കോളം. അത് ഓരോ വ്യക്തികളെ അതാത് സന്ദര്‍ഭങ്ങളില്‍ തിരഞ്ഞെടുത്ത് ചെയ്യുന്നതാണ്. ആ ദിവസം വരുന്നത് സുപ്രഭാതത്തിന്റെ അഭിപ്രായമോ നയമോ അല്ല. അതെടുത്തുകൊണ്ട് വളരെ വലിയ രീതിയില്‍ പ്രചരിപ്പിക്കുകയാണ്. അതിന്റെ തലക്കെട്ട് മര്യാദയ്ക്ക് സംസാരിക്കണമെന്നാണ്. മര്യാദയ്ക്ക് സംസാരിക്കണം എന്ന വാക്ക് ക്വട്ടേഷനിലാണ് കൊടുത്തിരിക്കുന്നത്. അതിനര്‍ഥം അത് സുപ്രഭാതത്തിന്റെ തലക്കെട്ടല്ല എന്നാണ്. അത് വേറൊരു സന്ദര്‍ഭത്തില്‍ മുഖ്യമന്ത്രി തന്നെ മറ്റൊരാളോട് പറഞ്ഞ വാക്കാണത്. നമ്മള് എഴുതുന്ന വിഷയവുമായി ബന്ധമുള്ളതുകൊണ്ട് ആ തലക്കെട്ട് വന്നു എന്നെ ഉള്ളു – അദ്ദേഹം പറഞ്ഞു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരായ പ്രതികരണത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിമര്‍ശനവുമായി ‘മര്യാദയ്ക്ക് സംസാരിക്കണം’ എന്ന തലക്കെട്ടോടെയായിരുന്നു സമസ്ത ഇ കെ വിഭാഗം മുഖപത്രമായ സുപ്രഭാതത്തില്‍ എഡിറ്റോറിയല്‍ വരുന്നത്. ശബരിമല യുവതീ പ്രവേശനത്തെ എതിര്‍ത്ത സതീശന് തന്നെയാണ് സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് ഇപ്പോള്‍ വാചാലനാകുന്നതെന്ന് അടക്കമായിരുന്നു വിമര്‍ശനം.












