വയനാട്: സ്പാ സെൻററുകളുടെ മറവിൽ MDMA വിൽപ്പന. വയനാട് വൈത്തിരി തളിപ്പുഴയിൽ എക്‌സൈസിന്റെ ലഹരിവേട്ട. 2.229 ഗ്രാം MDMA-യുമായി യുവാവ് പിടിയിൽ. കോഴിക്കോട് താമരശ്ശേരി കാരാടി സ്വദേശി സായൂജ് ആണ് എക്സൈസ് പിടിയിലായത്. എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായാണ് പരിശോധന നടന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ വിവിധയിടങ്ങളിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്, സർക്കിൾ, റെയ്‌ഞ്ച് ഓഫീസുകളുടെ നേതൃത്വത്തിൽ വ്യാപകമായ റെയ്ഡുകളും മിന്നൽ പരിശോധനകളും നടന്നു. ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്തുക, അന്തസ്സംസ്ഥാന ലഹരി കടത്ത് തടയുക, വിപണന ശൃംഖലകൾ തകർക്കുക എന്നിവയ്ക്കൊപ്പം പുതിയ അധ്യയനവർഷം ആരംഭിച്ച പശ്ചാത്തലത്തിൽ സ്കൂൾ-കോളേജ് പരിസരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് പരിശോധനകൾ ശക്തമാക്കുകയുമാണ് ഈ ദൗത്യത്തിലൂടെ എക്സൈസ് ലക്ഷ്യമിടുന്നത്. മുൻകാല ലഹരി കേസുകളിൽപ്പെട്ട പ്രതികളെയും സംശയാസ്പദമായ സാഹചര്യത്തിൽ കാണപ്പെടുന്നവരെയും കേന്ദ്രീകരിച്ച് കർശന നിരീക്ഷണം നടത്തുന്നുണ്ട്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പ്രധാന പാതകളിലും അതിർത്തി മേഖലകളിലും എക്സൈസ് രാത്രികാല പട്രോളിങ്ങും വാഹനപരിശോധനയും ഊർജിതമാക്കി. ട്രെയിനുകൾ വഴിയുള്ള ലഹരിക്കടത്ത് തടയാൻ റെയിൽവേ സ്റ്റേഷനുകളിലും പ്രത്യേക പരിശോധനയുണ്ട്.












