Kerala News

സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ സമസ്ത നേതാവ് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരെ തള്ളി മുജാഹിദ് സംഘടനകള്‍

കോഴിക്കോട്: സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ സമസ്ത നേതാവ് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരെ തള്ളി മുജാഹിദ് സംഘടനകള്‍. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെഎന്‍എം) സംസ്ഥാന അധ്യക്ഷന്‍ ടി പി അബ്ദുള്ളക്കോയ മദനിയും കെഎന്‍എം യുവജന വിഭാഗമായ ഐഎസ്എമ്മിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ സ്വലാഹിയുമാണ് കാന്തപുരത്തിന് എതിരെ രംഗത്തെത്തിയത്. സ്ത്രീകള്‍ക്ക് ഇസ്‌ലാമില്‍ എല്ലാവിധ സ്വാതന്ത്ര്യങ്ങളുമുണ്ടെനന്ന് ടി പി അബ്ദുള്ളക്കോയ മദനി പറഞ്ഞു. നബിയുടെ കാലത്ത് സ്ത്രീകള്‍ യുദ്ധത്തില്‍ പോലും പങ്കെടുത്തിട്ടുണ്ട്. സ്ത്രീവിരുദ്ധ സര്‍ക്കുലറിലൂടെ അനാവശ്യ വിവാദങ്ങളാണ് ഉണ്ടാക്കിയെന്നും അബ്ദുള്ളക്കോയ മദനി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അബ്ദുള്ളക്കോയ മദനിയുടെ പ്രതികരണം. ‘സ്ത്രീകള്‍ക്ക് പൊതുപരിപാടികളില്‍ പങ്കെടുക്കാം. അവര്‍ പങ്കെടുക്കരുത് എന്ന് എവിടെയും പറഞ്ഞിട്ടില്ല. യുദ്ധരംഗങ്ങളിലും ഭരണകാര്യങ്ങളിലുമെല്ലാം സ്ത്രീകള്‍ പങ്കെടുത്തിട്ടുണ്ട്. അവിടെയൊന്നും വിവേചനങ്ങളില്ല. സമൂഹത്തില്‍ നിന്ന് സ്ത്രീകളെ ഒറ്റപ്പെടുത്തുകയും മാറ്റി നിര്‍ത്തുകയും ചെയ്യുന്ന യാഥാസ്ഥിതിക ചിന്തകള്‍ അംഗീകരിക്കാന്‍ കഴിയില്ല. ഇസ്‌ലാമിന്റെ വിധിവിലക്കുകളെ കാലത്തിന് അനുസരിച്ച് ബോധവല്‍ക്കരണത്തിലൂടെ നേരിടുന്ന പ്രസ്ഥാനമാണ് മുജാഹിദ് പ്രസ്ഥാനം. അക്ഷരജ്ഞാനം പോലും സ്ത്രീകള്‍ക്ക് നല്‍കരുതെന്ന് പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. അതില്‍ നിന്നൊക്കെ മാറ്റം വന്നില്ലേ. നബി ദിനത്തില്‍ സ്ത്രീകള്‍ പങ്കെടുത്തു. സ്ത്രീകള്‍ ഒരു പരിപാടിയിലും പങ്കെടുക്കരുത് എന്ന് ആരും പറഞ്ഞിട്ടില്ല’, അബ്ദുള്ളക്കോയ മദനി പറഞ്ഞു.

സ്ത്രീകളുടെ പൊതുരംഗ പ്രവേശം വിലക്കരുതെന്നായിരുന്നു ഷുക്കൂര്‍ സ്വലാഹിയുടെ പ്രതികരണം. സ്ത്രീയെ സംരക്ഷിക്കണമെന്ന പേരില്‍ അവളുടെ വിദ്യാഭ്യാസവും തൊഴിലും സാമൂഹിക ഇടപെടലും പൊതുപ്രവര്‍ത്തനവും സഞ്ചാര സ്വാതന്ത്ര്യവും പരിമിതപ്പെടുത്തുന്ന സമീപനം യഥാര്‍ത്ഥത്തില്‍ പുരുഷാധിപത്യ നിയന്ത്രണമാണ്. ഒരു സ്ത്രീക്ക് അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന കാരണത്താല്‍ അവളെ വീട്ടിനുള്ളില്‍ അടച്ചിടുകയല്ല, മറിച്ച് അപകടകരമായ സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയാണ് വേണ്ടത്. സ്ത്രീയും പുരുഷനും ഒരുപോലെ സഞ്ചരിക്കുകയും പ്രവര്‍ത്തിക്കുകയും ഇടപെടുകയും ചെയ്യുന്ന ഇടമാണ് ഒരു പരിഷ്‌കൃത സമൂഹത്തിന്റെ പൊതുമണ്ഡലമെന്നും സ്വലാഹി പറഞ്ഞു. സ്ത്രീകള്‍ പൊതുരംഗത്ത് സജീവമാകേണ്ടതില്ലെന്നും അവരുടെ സ്വാഭാവിക ഇടം വീടിന്റെ ചുവരുകള്‍ക്കുള്ളിലാണെന്നുമുള്ള കാന്തപുരത്തിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. അത് സ്ത്രീയുടെ സ്വാതന്ത്ര്യത്തെയും കഴിവുകളെയും ചരിത്രപരമായ സാമൂഹിക പങ്കാളിത്തത്തെയും പിന്നോട്ടടിക്കുന്ന നിലപാടായി മാറും. ഇത്തരം വാദങ്ങള്‍ക്ക് ശക്തമായ മറുപടികള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ ധാരാളമുണ്ടെന്നും സ്വലാഹി പറഞ്ഞു. സ്ത്രീയുടെ അറിവിനെയും കഴിവിനെയും സാമൂഹിക പങ്കാളിത്തത്തെയും അംഗീകരിച്ച ചരിത്രമാണ് ഇസ്‌ലാമിക ചരിത്രം. സ്ത്രീയെ പൊതുജീവിതത്തില്‍ നിന്ന് അകറ്റാനുള്ള വാദങ്ങള്‍ക്ക് മതത്തെ മറയാക്കുന്നത് ചരിത്രത്തോടും മതത്തോടും ഒരുപോലെ അനീതിയാണ്. കേരള മുസ്‌ലിം സമൂഹത്തിന്റെ നവോത്ഥാന ചരിത്രവും ഈ വിഷയത്തില്‍ ഏറെ പ്രസക്തമാണ്. ഒരു കാലത്ത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പോലും സംശയത്തോടെ കാണപ്പെട്ടിരുന്ന സാമൂഹിക സാഹചര്യങ്ങളെ മറികടന്നാണ് കേരളത്തിലെ മുസ്‌ലിം സ്ത്രീകള്‍ വിദ്യാഭ്യാസത്തിന്റെ പുതിയ വാതിലുകള്‍ തുറന്നത്. പെണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസവും മതപഠനവും ഉന്നത വിദ്യാഭ്യാസവും ലഭിക്കണമെന്ന ആശയം ശക്തമായി മുന്നോട്ടുവന്നത് സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ ഇടപെടലിലൂടെയാണ്. ഇസ്ലാഹി പ്രസ്ഥാനം ഉള്‍പ്പെടെയുള്ള പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ മുസ്‌ലിം സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും സാമൂഹിക ബോധവല്‍ക്കരണത്തിനും നല്‍കിയ സംഭാവനകള്‍ ഈ ചരിത്രത്തിന്റെ ഭാഗമാണ്. സ്ത്രീകളുടെ മുന്നേറ്റങ്ങളെ വീണ്ടും പഴയ ചട്ടക്കൂടുകളിലേക്ക് തിരികെ കൊണ്ടുപോകാനുള്ള ശ്രമം അംഗീകരിക്കാനാവില്ല. ഇവിടെയാണ് സമസ്ത ഉള്‍പ്പെടെയുള്ള പരമ്പരാഗത മതസംഘടനകളുടെ സ്ത്രീസംബന്ധമായ സമീപനങ്ങളെ വിമര്‍ശനാത്മകമായി പരിശോധിക്കേണ്ടതെന്നും സ്വലാഹി കൂട്ടിച്ചേര്‍ത്തു.

നബിദിന ആഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതിന് പിന്നാലെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നിര്‍ദ്ദേശം എന്ന നിലയിലായിരുന്നു കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ ഇറക്കിയ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അന്യപുരുഷന്മാര്‍ക്കിടയില്‍ വേദിയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു പ്രസ്താവനയില്‍ പറഞ്ഞത്. ഇതിനെതിരെ ഇടതുസംഘടനകളാണ് ആദ്യം രംഗത്തെത്തിയത്. എസ്എഫ്ഐയും ഡിവൈഎഫ്ഐയും അടക്കം വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തി. സ്ത്രീകള്‍ പൊതുവേദികളില്‍ വരുന്നതിനെ ‘പ്രദര്‍ശനം’ എന്ന് വിശേഷിപ്പിക്കുന്നത് തികഞ്ഞ സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയുമാണെന്നായിരുന്നു എസ്എഫ്‌ഐ പറഞ്ഞത്. പ്രസ്താവന സ്ത്രീവിരുദ്ധവും കാലഘട്ടത്തിന് നിരക്കാത്തതുമാണെന്നായിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പ്രതികരിച്ചത്. സംഭവം വിവാദമായി നില്‍ക്കെ പറഞ്ഞതില്‍ ഉറച്ചുവില്‍ക്കുകയാണ് കാന്തപുരം ചെയ്തത്. സ്ത്രീകളെ രംഗത്തിറക്കിയാല്‍ വലിയ നാശമാണ് എന്ന് കണ്ടതുകൊണ്ടാണ് ഇസ്ലാം പര്‍ദ്ദ നിര്‍ബന്ധമാക്കിയതെന്നും പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നുമാണ് കാന്തപുരം പറഞ്ഞത്. സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശമുണ്ടാകുമെന്നും അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞിരുന്നു. ഇതിനെതിരെയും വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

Related Posts

Leave a Reply