Kerala News

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന കേന്ദ്ര നിർദേശം തള്ളി മന്ത്രി കെ. മുരളീധരൻ.

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന കേന്ദ്ര നിർദേശം തള്ളി മന്ത്രി കെ. മുരളീധരൻ. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വന്ദേമാതരം പൂർണരൂപത്തിൽ പാടണമെന്ന് ചീഫ് സെക്രട്ടറി വിശ്വനാഥ സിൻഹ സർക്കുലർ പുറപ്പെടുവിച്ചിരുന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
സംസ്ഥാനത്ത് നിലവിലുള്ള പഴയ പ്രോട്ടോക്കോൾ തന്നെ തുടരുമെന്ന് കെ. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരമാണ് ചീഫ് സെക്രട്ടറി ഇത്തരമൊരു സർക്കുലർ നൽകിയത്. എന്നാൽ കേരളം അത് അംഗീകരിക്കുന്നില്ല. ഗവർണർ പങ്കെടുക്കുന്ന ചടങ്ങുകളിലോ സത്യപ്രതിജ്ഞാ ചടങ്ങുകളിലോ കേന്ദ്ര പ്രോട്ടോക്കോൾ പാലിക്കാറുണ്ടെങ്കിലും മറ്റ് സംസ്ഥാന സർക്കാർ പരിപാടികളിൽ കേരളത്തിന്റെ പ്രോട്ടോക്കോൾ തന്നെയായിരിക്കും പിന്തുടരുക. വന്ദേമാതരത്തിലെ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രമായിരിക്കും സർക്കാർ പരിപാടികളിൽ പാടുക. സത്യപ്രതിജ്ഞയ്ക്കുള്ള വന്ദേമാതരം രണ്ട് വരി മാത്രമായിരുന്നു. ഗവർണർ പങ്കെടുത്ത പരിപാടിയായതിനാലാണ് അത് നടന്നത്. ഗവർണർ പങ്കെടുക്കുന്ന മറ്റ് പരിപാടികളിലും അതുതന്നെയാണ് നടക്കുന്നത്. ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥൻ മാത്രമാണ്. കേന്ദ്ര നിർദ്ദേശം താഴെത്തട്ടിലേക്ക് നൽകേണ്ടിവരും. എന്നാൽ അതല്ല സർക്കാർ നിലപാടെന്നും കെ മുരളീധരൻ വ്യക്തമാക്കി.

വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. സംസ്ഥാന ഗീതത്തിന് ശേഷം ദേശീയ ഗീതമായ വന്ദേമാതരവും തുടര്‍ന്ന് ദേശീയ ഗാനവും എന്ന ക്രമത്തിലാണ് ചടങ്ങുകളില്‍ ആലപിക്കേണ്ടത്. സംസ്ഥാനത്തിന് സ്വന്തമായി സംസ്ഥാന ഗീതം ഇല്ലെങ്കിൽ ആദ്യം വന്ദേമാതരവും അതിനുശേഷം ദേശീയ ഗാനവും എന്ന ക്രമം കര്‍ശനമായി പാലിക്കണമെന്നാണ് പുതിയ നിര്‍ദേശം.

Related Posts

Leave a Reply