സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം എടുത്ത കേസിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ജില്ലകൾ കേന്ദ്രീകരിച്ച് ഇന്ന് രാവിലെ മുതൽ മിന്നൽ പരിശോധന ആരംഭിച്ചത്. തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് ഇ.ഡി ഉദ്യോഗസ്ഥ സംഘം റെയ്ഡ് നടത്തുന്നത്.
അങ്കമാലി അർബൻ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിൽ നാലിടങ്ങളിൽ ഇ.ഡി പരിശോധന നടക്കുന്നുണ്ട്. ബാങ്കിൽ വ്യാജ വായ്പകൾ വഴി 121 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ഇ.ഡി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടി.
തൃശ്ശൂർ ജില്ലയിൽ അഞ്ചിടങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്. ബാങ്ക് ഭരണസമിതി അംഗങ്ങൾ, മുൻ ഭാരവാഹികൾ, മുതിർന്ന ജീവനക്കാർ എന്നിവരുടെ വസതികളിലും സ്ഥാപനങ്ങളിലുമാണ് ഇ.ഡി സംഘം പരിശോധന നടത്തുന്നത്.












