Kerala News

ശബരിമലയില്‍ ഭക്തര്‍ നിലവില്‍ പണം നല്‍കി ഉപയോഗിക്കുന്ന എല്ലാ ശുചിമുറികളും കുളിമുറികളും സൗജന്യമാകും.

പത്തനംതിട്ട: ശബരിമലയില്‍ ഭക്തര്‍ നിലവില്‍ പണം നല്‍കി ഉപയോഗിക്കുന്ന എല്ലാ ശുചിമുറികളും കുളിമുറികളും സൗജന്യമാകും. ശബരിമല സന്നിധാനം, പമ്പ ,സ്വാമി അയ്യപ്പന്‍ റോഡ് ,പരമ്പരാഗത പാത എന്നിവിടങ്ങളിലെ മുഴുവന്‍ ശുചിമുറികളും കുളിമുറികളും ഭക്തര്‍ക്ക് ഇനിമുതല്‍ സൗജന്യമായി ഉപയോഗിക്കാം. വരുന്ന മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലം മുതല്‍ ശുചിമുറികളും കുളിമുറികളും ഉപയോഗിക്കുന്നത് സൗജന്യമാക്കാനും അവ ലേലം ചെയ്തു കൊടുക്കേണ്ടതില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ഇവയുടെ ഉയര്‍ന്ന നിലവാരത്തിലുള്ള ശുചീകരണം ഉറപ്പാക്കാന്‍ കരാര്‍ ക്ഷണിച്ച് പരിചയസമ്പന്നരായ ഏജന്‍സിയെ ഏല്‍പ്പിക്കും. ശബരിമലയിലെ ശുചിമുറികളുടെ നിലവാരത്തെക്കുറിച്ചും പണപ്പിരിവിനെ കുറിച്ചും വ്യാപകമായ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ഈ തീരുമാനം. വെര്‍ച്വല്‍ ക്യൂ ബുക്കിംഗില്‍ ഇപ്പോള്‍ പില്‍ഗ്രിം റിലീഫ് ഫണ്ടിലേക്ക് സ്വമേധയാ അഞ്ച് രൂപ മുതല്‍ കൊടുക്കാന്‍ സൗകര്യമുണ്ട് (Optional). ശുചിമുറികളും കുളിമുറികളും സൗജന്യമാക്കുമ്പോള്‍ അഞ്ച് രൂപ കൂടി ഇച്ഛാനുസരണം പില്‍ഗ്രിം റിലീഫ് ഫണ്ടിലേക്ക് സംഭാവന നല്‍കാന്‍ ഭക്തര്‍ക്ക് സൗകര്യം ഉണ്ടായിരിക്കും. ഈ തുക നിര്‍ബന്ധമായി പിരിക്കുന്നതല്ല. ഭക്തര്‍ക്ക് അത് നല്‍കാനോ നല്‍കാതിരിക്കാനോ സാധിക്കും. അതോടൊപ്പം ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മെസ്സ് ഗ്രാന്റ് ആഭ്യന്തര വകുപ്പ് വര്‍ദ്ധിപ്പിച്ചു. ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥന് ഭക്ഷണ ചെലവിലേക്ക് ദിവസം 90 രൂപയാണ് കണക്കാക്കുക. നിലവില്‍ 79 രൂപയാണ് മെസ് ഇനത്തില്‍ നല്‍കുന്നത്. ആകെ 3 കോടി 60 ലക്ഷം രൂപയാണ് ഈ സീസണിലേക്ക് അനുവദിച്ചത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, മണിയാര്‍ & എരുമേലി എന്നിവിടങ്ങളില്‍ ഡ്യൂട്ടി എടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കാണ് മെസ്സ് നിലവിലുള്ളത്. 2011 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആണ് മണ്ഡലകാലത്ത് ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ശബരിമലയിലും പരിസരങ്ങളിലും മെസ്സ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഗ്രാന്റ് അനുവദിക്കുന്നതില്‍ പലതവണയായി കാലതാമസം ഉണ്ടായിരുന്നു.

Related Posts

Leave a Reply