എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ശശിധരനോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. 17 കേസുകളിൽ കുറ്റപത്രം തയ്യാറായെന്നും സമാന ആരോപണങ്ങളുള്ള കേസുകളിൽ ഏകീകരിച്ച് കുറ്റപത്രം നൽകാനാണ് ശ്രമമെന്നും വിജിലൻസ് എസ്പി കോടതിയെ അറിയിച്ചിരുന്നു. പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് ചെറുകിട സംരഭങ്ങൾ തുടങ്ങാൻ നബാർഡ് പിന്നാക്ക വികസന കോർപ്പേറേഷൻ വഴി നൽകിയ ഗ്രാൻറ് അമിത പലിശ ഈടാക്കി സർക്കാറിനെ വ്ചിക്കുകയും അഴിമതി നടത്തുകയും ചെയ്തെന്നാണ് കണ്ടെത്തൽ. ഇക്കാര്യത്തിൽ വ്യക്തത വരുത്തനാണ് ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകരണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചത്. മൈക്രോ ഫിനാൻാസ് തട്ടിപ്പിൽ സംസ്ഥാനത്താകെ 124 കേസുകളാണ് രജിസ്റ്റർ ചെയ്തത്. വെള്ളാപ്പള്ളി നടേശൻ, എസ്എൻഡിപി യോഗം പ്രസിഡൻറ് എംഎൻ സോമൻ അടക്കമുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്.
നേരത്തെ കേസ് അന്വേഷണം വൈകുന്നതിൽ ജസ്റ്റിസ് ബദറുദ്ദീൻ അദ്ധ്യക്ഷനായ ബെഞ്ചും വിമർശനം ഉന്നയിച്ചിരുന്നു. കേസിൽ കഴിഞ്ഞ ഫെബ്രുവരിയിൽ വെള്ളാപ്പള്ളി നടേശനെ വിജിലൻസ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. 2016ലാണ് വി എസ് അച്യുതാനന്ദൻറെ പരാതിയിൽ വെള്ളാപ്പള്ളി നടേശനെതിരെ കേസ് അന്വേഷണം തുടങ്ങിയത്.












