തിരുവനന്തപുരം: വിവാദ വിമാനയാത്രയിലൂടെ മുഖ്യമന്ത്രി വിഡി സതീശന്‍ മന്ത്രിമാര്‍ക്കുള്ള പെരുമാറ്റചട്ടം പൂര്‍ണ്ണമായും ലംഘിച്ചുവെന്ന് ആരോപിച്ച് മുന്‍ മന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി രാജീവ്. ആരാണ് സ്പോൺസർ എന്ന കാര്യം രഹസ്യമാക്കുന്നതിലൂടെ കേവലം പെരുമാറ്റചട്ട ലംഘനം എന്നതിനപ്പുറത്തേക്ക് ഇടപാട് ദുരൂഹമായി മാറുകയാണെന്നും പി രാജീവ് ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജീവിന്റെ വിമര്‍ശനം. യൂണിയന്‍ ഗവണ്‍മെന്റിന്റെ പെരുമാറ്റചട്ടവും സംസ്ഥാന സര്‍ക്കാര്‍ പെരുമാറ്റചട്ടം അംഗീകരിച്ച് പ്രസിദ്ധപ്പെടുത്തിയ ഉത്തരവിന്റെ പകര്‍പ്പും പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മന്ത്രിമാര്‍ വിലപിടിപ്പുള്ള ഉപഹാരങ്ങള്‍ ആരില്‍ നിന്നും വാങ്ങരുതെന്നും, ഔദ്യോഗികമായി ബന്ധപ്പെടുന്നവരില്‍ നിന്നും ഒരു ഉപഹാരവും മന്ത്രിയോ കുടുംബാംഗങ്ങളോ സ്വീകരിക്കരുതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ടെന്ന് രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രി സൂചിപ്പിച്ച മലയാളി സുഹൃത്ത് അദ്ദേഹത്തിന്റെ വിമാനത്തില്‍ തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോകുമ്പോള്‍ നമ്മുടെ മുഖ്യമന്ത്രിക്ക് ഒരു ലിഫ്റ്റ് കൊടുത്താല്‍ അത് ചട്ട ലംഘനമാകില്ല. എന്നാല്‍, സുഹൃത്ത് ഒപ്പം സഞ്ചരിക്കാതെ വിമാനം മുഖ്യമന്ത്രിക്ക് ഉപയോഗിക്കാന്‍ സൗജന്യമായി നല്‍കിയാല്‍ അത് സ്വീകരിക്കാന്‍ പെരുമാറ്റചട്ടം അനുവദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സൗജന്യം നല്‍കുന്നവരൊന്നും കാര്യം നേടാന്‍ വരുന്നവരല്ലെന്ന പ്രഖ്യാപനമോ അവര്‍ തങ്ങളുടെ പാര്‍ട്ടിക്കാരാണെന്ന ന്യായീകരണമോ മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ പ്രതിരോധമാകുന്നില്ലെന്നും രാജീവ് വിമര്‍ശിച്ചു.
വിവാദ വിമാനയാത്രയിലൂടെ മുഖ്യമന്ത്രി വിഡി സതീശന്‍ മന്ത്രിമാര്‍ക്കുള്ള പെരുമാറ്റചട്ടം പൂര്‍ണ്ണമായും ലംഘിച്ചുവെന്ന് പി രാജീവ്.












