Kerala News

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ കേസിൽ കോഴിക്കോട് സ്വദേശിനി വയനാട്ടിൽ പിടിയിൽ.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ കേസിൽ കോഴിക്കോട് സ്വദേശിനി വയനാട്ടിൽ പിടിയിൽ. കോഴിക്കോട് വടകര പറയുള്ളതിൽ വീട്ടിൽ ലത സുനിലാണ് (59) മാനന്തവാടി പൊലീസിന്റെ പിടിയിലായത്. ഒമാനിലെ അൽ ഐനിൽ പുതിയതായി തുടങ്ങുന്ന സ്ഥാപനത്തിൽ സെയിൽസ്മാൻ ജോലി വാഗ്ദാനം ചെയ്ത്, ആറാട്ടുതറ സ്വദേശിയായ യുവാവടക്കം 51 പേരിൽ നിന്നാണ് ഇവർ പണം തട്ടിയെടുത്തത്. വിസയുടെ ചെലവിലേക്കായി ഓരോരുത്തരിൽ നിന്നും 65,000 മുതൽ 75,000 രൂപ വരെ ബാങ്ക് അക്കൗണ്ട് വഴി കൈക്കലാക്കുകയായിരുന്നു.

തട്ടിപ്പ് മനസ്സിലാക്കി പരാതി നൽകിയതോടെ പ്രതി വിദേശത്തേക്ക് കടന്നു. തുടർന്ന് പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കുകയായിരുന്നു. മസ്കറ്റിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയപ്പോഴാണ് വെള്ളിയാഴ്ച ഇവർ പൊലീസിന്റെ വലയിലായത്. തട്ടിപ്പിനിരയായ മറ്റ് നിരവധി പേർ കൂടി ഇനിയും പുറത്തുവരാനുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. മാനന്തവാടി പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ കെ. സിൻഷ, പി.ജെ. റെജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Posts

Leave a Reply