തിരുവനന്തപുരം: വനം മന്ത്രി ഷിബു ബേബി ജോണിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നത് വിജിലന്‍സ് കേസിലെ പ്രതി. ഭൂമി തട്ടിപ്പ് കേസിലെ പ്രതി എസ് ജയശങ്കര്‍ ആണ് മന്ത്രിയുടെ എപിഎസായി പ്രവര്‍ത്തിക്കുന്നത്. വ്യാജരേഖ തയ്യാറാക്കി വനഭൂമി സ്വകാര്യ ഭൂമിയാക്കി എന്നാണ് ജയശങ്കറിനെതിരെയുള്ള കേസ്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ വിജിലന്‍സ് ക്രമക്കേട് കണ്ടെത്തിയിരുന്നു. എസ് ജയശങ്കര്‍ പ്രതിയായ വിജിലന്‍സ് കേസിന്റെ രേഖകള്‍ ലഭിച്ചു.
2025 ഒക്ടോബറിലാണ് എസ് ജയശങ്കറിന് എതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. നെല്ലിയാമ്പതി റോഡിന് പൊതുമരാമത്ത് ഏറ്റെടുത്ത വനഭൂമിക്ക് പകരം നല്കിയ ഭൂമിയിലാണ് തട്ടിപ്പ്. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസാണ് രജിസ്റ്റര്‍ ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്ത് മുന്നോട്ട് പോകുമ്പോള്‍ തന്നെ ജയശങ്കറിനെ മറ്റൊരു പ്രധാനപ്പെട്ട തസ്തികയില്‍ ഫോറസ്റ്റില്‍ നിയമിക്കുകയും ചെയ്തു. ഈ പരാതികള്‍ക്കിടയിലാണ് നിലവില്‍ മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമനം നടത്തിയിരിക്കുന്നത്. വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കിടയിൽ തന്നെ ഇതിൽ അതൃപ്തിയുണ്ട്.












