കൊച്ചി: ലിയോണൽ മെസിയെ കേരളത്തിൽ എത്തിക്കാം എന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പിൽ മുൻ കായിക മന്ത്രി വി അബ്ദുറഹിമാന് എതിരെ കേസ് എടുക്കുന്നതിൽ സർക്കാർ തീരുമാനം ഉടൻ ഉണ്ടായേക്കും. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന ശിപാർശ അടങ്ങുന്ന എസ്ഐടി റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖർ ആഭ്യന്തര വകുപ്പിനെ അറിയിച്ചിട്ടുണ്ട്. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ആയിരുന്ന യു ഷറഫലിക്കെതിരെയും കേസെടുക്കാം എന്നാണ് വിലയിരുത്തൽ. അബ്ദുറഹിമാനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരത്തുനിന്നുള്ള എസ്ഐടി സംഘം മലപ്പുറത്തെത്തി ഏകദേശം മൂന്ന് മണിക്കൂറോളം അബ്ദുറഹിമാനിൽ നിന്ന് മൊഴിയെടുത്തു. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് സ്പോൺസർഷിപ്പ് ലഭിച്ച രീതി, കായികവകുപ്പിന്റെയും മന്ത്രിയുടെയും ഇടപെടൽ, ഇടനിലക്കാരുടെ പങ്ക് എന്നിവയാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്. അതേസമയം കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഉടൻ കേസെടുക്കാൻ ഇഡി നീക്കം. എസ്ഐടി രജിസ്റ്റർ ചെയ്ത കേസിന്റെ എഫ്ഐആർ വിശദാംശങ്ങൾ പരിഗണിച്ചാണ് കേസ് എടുക്കുക. കേസ് എടുക്കാൻ, റിസ്ക് അസസ്മെന്റ് മാനേജ്മെന്റ് ഇഡിയ്ക്ക് അനുമതി നൽകി. വൻ തോതിൽ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ട് എന്ന വിലയിരുത്തലിലാണ് നടപടി. ഫെമ ചട്ടം ലംഘിച്ചതിന് ഇഡി നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ലിയോണൽ മെസിയെ കേരളത്തിൽ എത്തിക്കാം എന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പിൽ മുൻ കായിക മന്ത്രി വി അബ്ദുറഹിമാന് എതിരെ കേസ് എടുക്കുന്നതിൽ സർക്കാർ തീരുമാനം ഉടൻ ഉണ്ടായേക്കും.












