തിരുവനന്തപുരം: പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകള്‍ വിഭജിക്കാനുള്ള നീക്കത്തിലെ ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി യുഡിഎഫ് എംപിമാര്‍ ഉടന്‍ കൂടിക്കാഴ്ച നടത്തും എന്ന് റിപ്പോര്‍ട്ട്. പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഉണ്ടാകുന്ന നഷ്ടങ്ങള്‍ മന്ത്രിയെ നേരിട്ട് ബോധിപ്പിക്കാനാണ് തീരുമാനം. റെയില്‍വേ ബോര്‍ഡ് ചെയര്‍മാനെയും യുഡിഎഫ് എംപിമാര്‍ നേരില്‍ കണ്ട് ആശങ്കകള്‍ അറിയിക്കാനാണ് നീക്കം. ആവശ്യങ്ങള്‍ നടപ്പിലായില്ല എങ്കില്‍ ഡല്‍ഹി റെയില്‍ ഭവന് മുന്നില്‍ പ്രതിഷേധം ഉടനെ ആരംഭിക്കാനുമാണ് യുഡിഎഫ് എംപിമാരുടെ തീരുമാനം.
വലിയ ആശങ്കയാണ് ഇത് സംസ്ഥാനത്ത് ഉയര്‍ത്തിയിരിക്കുന്നത്. മംഗലാപുരം പാലക്കാട് ഡിവിഷനില്‍ നിന്ന് വേര്‍പ്പെടുത്തുന്നതോട് കൂടി വരുമാനം കുറയും. ഏകദേശം 60 ശതമാനത്തിന്റെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. മംഗലാപുരം പരിധിയില്‍ നിന്ന് മാറ്റുന്നതോടെ പാലക്കാട് ഡിവിഷന് പുതിയ ട്രെയിനുകള്‍ കിട്ടാനുള്ള സാധ്യത കുറയും. പുതിയ ട്രെയിനുകള്‍ അനുവദിക്കുന്നത് വരുമാനം നോക്കി മാത്രമാണ്. വരുമാനം കുറയുന്നതോടെ ബജറ്റില്‍ വിഹിതം കുറയുമെന്ന ആശങ്കയും ഉയരുന്നുണ്ട്. കിലോമീറ്റര്‍, ട്രാക്ക് , പ്രധാന സ്റ്റേഷനുകള്‍ , വരുമാനം എന്നിവ മാനദണ്ഡമാക്കിയാണ് ബജറ്റ് വിഹിതം അനുവദിക്കുന്നത്. അടിയന്തരഘട്ടങ്ങളിലെ യാത്രയ്ക്ക് അനുവദിക്കുന്ന എമര്‍ജന്‍സി ക്വാട്ട സംവിധാനവും പേരിനുമാത്രമാവും. മംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന വണ്ടികള്‍ക്ക് എമര്‍ജന്‍സി ക്വാട്ടയില്‍ ടിക്കറ്റ് ലഭിക്കാന്‍ മൈസൂരു ഡിവിഷന്‍ ആസ്ഥാനവുമായി ബന്ധപ്പെടേണ്ടിവരും.












