മോട്ടോർസ്പോർട്ടിനോടുള്ള അഭിനിവേശത്തിന്റെ പേരിൽ പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കുന്ന തമിഴ് നടൻ അജിത് കുമാർ (Ajithkumar) യൂറോപ്പിൽ നടന്ന എൻഡുറൻസ് റേസിനിടെ കാർ അപകടത്തിൽപ്പെട്ടു. അപകടത്തിൽ അജിത്തിന് പരിക്കുകളൊന്നും സംഭവിച്ചില്ലെന്നാണ് റിപ്പോർട്ട്. വർഷങ്ങളായി മോട്ടോർസ്പോർട്ട് രംഗത്ത് സജീവമായ അജിത്, ‘അജിത് കുമാർ റേസിങ്’ എന്ന സ്വന്തം ടീം രൂപീകരിച്ചാണ് തന്റെ റേസിങ് സ്വപ്നങ്ങൾക്ക് പുതിയ മാനം നൽകിയത്. ഏഷ്യൻ ലെ മാൻസ് സീരീസ്, മിഷെലിൻ ലെ മാൻസ് കപ്പ് തുടങ്ങിയ അന്താരാഷ്ട്ര എൻഡുറൻസ് റേസിങ് മത്സരങ്ങളിൽ ടീം പങ്കെടുക്കുന്നുണ്ട്. യൂറോപ്പിൽ നടന്ന ഏറ്റവും പുതിയ റേസിനിടെയാണ് അപകടമുണ്ടായത്. അതിവേഗത്തിൽ സഞ്ചരിച്ചിരുന്ന അജിത്തിന്റെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ട്രാക്കിലുണ്ടായിരുന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയുമായിരുന്നുവെന്ന് ‘ഫിലിമിബീറ്റ് തമിഴ്’ റിപ്പോർട്ട് ചെയ്തു. കൂട്ടിയിടിയിൽ കാറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. സംഭവം ആരാധകരിലും റേസിങ് പിന്തുടരുന്നവരിലും ആശങ്കയുണ്ടാക്കി.
എന്നാൽ അപകടത്തിന് പിന്നാലെ അജിത്ത് സുരക്ഷിതമായി കാറിൽനിന്ന് പുറത്തിറങ്ങി. അദ്ദേഹത്തിന് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. അപകടവാർത്ത പുറത്തുവന്നതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച ആരാധകർക്ക് അജിത്ത് സുരക്ഷിതനാണെന്ന വിവരം ആശ്വാസമായി. റേസിങ് ട്രാക്കിൽ അജിത്ത് അപകടത്തിൽപ്പെടുന്നത് ഇതാദ്യമല്ല. മുൻപും റേസിങ്ങിനിടെയും പരിശീലനത്തിനിടെയും അദ്ദേഹം അപകടങ്ങളിൽപ്പെട്ടിട്ടുണ്ട്. അപകടസാധ്യതകൾ നിലനിൽക്കുമ്പോഴും മോട്ടോർസ്പോർട്ടിനോടുള്ള തന്റെ അഭിനിവേശം കൈവിടാതെ അന്താരാഷ്ട്ര വേദികളിൽ മത്സരിക്കുന്നത് തുടരുകയാണ് അജിത്.












