വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് യുകെജി വിദ്യാര്‍ത്ഥി ക്ലാസില്‍ കുഴഞ്ഞ് വീണ് മരിച്ചു. പ്രണയ് തേജ് ആണ് മരിച്ചത്. ടീച്ചര്‍ ശകാരിച്ചതിനെ തുടര്‍ന്നാണ് മരണമെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. കുട്ടിയെ ടീച്ചര്‍ മുഖത്ത് തല്ലുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വണ്‍-ടൗണ്‍ പോലീസ് സ്റ്റേഷന് പരിധിയിലുള്ള ടൗണ്‍ കോത്തറോഡ് പ്രദേശത്തെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാര്‍ഥിയായ അഞ്ച് വയസുകാരനാണ് മരിച്ചത്. ഗൃഹപാഠം പൂര്‍ത്തിയായിട്ടില്ലെന്നും ടീച്ചര്‍ തല്ലുമെന്നും രാവിലെ കുട്ടി പറഞ്ഞിരുന്നുവെന്നും സ്കൂളില്‍ പോകാന്‍ മടി കാണിച്ചിരുന്നെന്നും വീട്ടുകാര്‍ പറയുന്നു. എന്നാല്‍ വീട്ടുകാര്‍ അത് അത്ര ഗൗരവത്തിലെടുത്തില്ല. സ്കൂളിലെത്തിയ കുട്ടി ആകെ വിഷണ്ണനായിരുന്നുവെന്നും സ്കൂളിലെ ഒരു പ്രവര്‍ത്തനങ്ങളിലും നന്നായി പങ്കെടുക്കാന്‍ കുട്ടിയ്ക്ക് സാധിച്ചില്ലെന്നും സഹപാഠികളും മറ്റ് അധ്യാപകരും പറഞ്ഞു.
യുകെജി വിദ്യാര്‍ത്ഥി ക്ലാസില്‍ കുഴഞ്ഞ് വീണ് മരിച്ചു; മരണം ടീച്ചര്‍ കുഞ്ഞിന്റെ മുഖത്തടിച്ചതിന് പിന്നാലെ












