തിരുവനന്തപുരം : മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യൻ ഐഎഎസ് അന്തരിച്ചു. ഇന്ന് വൈകിട്ട് തിരുവനന്തപുരത്തെ മുട്ടടയിലെ വീട്ടിലായിരുന്നു അന്ത്യം. ക്യാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്നു. കോട്ടയം പാമ്പാടി സ്വദേശിയാണ്. 1986 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. റവന്യൂ, വ്യവസായം, ജലവിഭവം തുടങ്ങിയ വകുപ്പുകളിൽ ദീർഘകാലം സെക്രട്ടറി ആയിരുന്നു. ഓഖി , പ്രളയ കാലങ്ങളിൽ അദ്ദേഹം മികച്ച നേതൃത്വം വഹിച്ചു. മുല്ലപ്പെരിയാർ വിഷയത്തിലും നിർണായക പങ്ക് വഹിച്ചു. പരിസ്ഥിതി വകുപ്പിലും തുറമുഖ വകുപ്പിലും നിർണായകസ്ഥാനങ്ങൾ വഹിച്ചിരുന്നു. 2009-12 കാലഘട്ടത്തില്‍ ഇന്ത്യാ ഗവണ്മെന്റിന്റെ പേറ്റന്റ്സ്, ഡിസൈനുകള്‍, ട്രേഡ് മാര്‍ക്ക്സ് എന്നിവയുടെ കണ്ട്രോളര് ജനറലായി. വിലകൂടിയ ക്യാന്‍സര്‍ മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കാന്‍ തദ്ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്ക് അനുമതി നല്കിയ തീരുമാനം ആഗോളതലത്തില്‍ തന്നെ വലിയ വിപ്ലവമുണ്ടാക്കിയ ഒന്നായിരുന്നു. കേരള സര്‍ക്കാരിന്റെ വിവരസാങ്കേതിക വ്യവസായ വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റല്‍ ഭരണസംവിധാനങ്ങള്‍ വ്യാപിപ്പിക്കുന്നതിനും പ്രധാന പങ്കുവഹിച്ചു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സുതാര്യത ഉറപ്പാക്കാനായി രൂപീകരിച്ച കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പ്രഥമ ചെയര്‍മാനായും അദ്ദേഹം നിയമിതനായി.
2018ലെ മഹാപ്രളയ കാലത്ത് അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല വഹിച്ചാണ് പി എച്ച് കുര്യന് മലയാളികള്‍ക്ക് മുന്നില്‍ ഹീറോ ആയത്. 1986ലെ കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ പി എച്ച് കുര്യന് തന്റെ ഔദ്യോഗിക ജീവിതത്തില്‍ നിരവധി പദവികളില്‍ സേവനമനുഷ്ഠിച്ചു. ഭരണ പരിചയവും മികച്ച നേതൃപാഠവവുമാണ് പി എച്ച് കുര്യനെ എന്നും കേരളത്തിന്റെ ഭരണരംഗത്ത് വ്യത്യസ്തനാക്കിയത്. 1959 ജനുവരി 20ന് കോട്ടയം ജില്ലയിലെ പാമ്പാടിയിലാണ് പി എച്ച് കുര്യന്റെ ജനനം. രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദത്തിനും ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്ന് ഓര്‍ഗാനിക് കെമിസ്ട്രിയില്‍ മൂന്ന് വര്‍ഷത്തെ ഗവേഷണത്തിനും ശേഷം 1986ല്‍ പി എച്ച് കുര്യന് ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ ചേര്‍ന്നു. തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഉടനീളം ജില്ലാ കളക്ടര്‍, ലേബര്‍ കമ്മീഷണര്‍, പ്രോജക്ട് ഡയറക്ടര്‍, മാനേജിംഗ് ഡയറക്ടര്‍, സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി, സ്പെഷ്യല്‍ സെക്രട്ടറി തുടങ്ങി വിവിധ പദവികളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചു.
2018-ലെ നൂറ്റാണ്ടിന്റെ മഹാപ്രളയകാലത്ത് കേരളത്തിന്റെ റവന്യൂ-ദുരന്ത നിവാരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും സംസ്ഥാന റിലീഫ് കമ്മീഷണറുമായിരുന്നു പി. എച്ച്. കുര്യന്. ഇന്ത്യന്‍ ആര്‍മി, നേവി, എയര്‍ഫോഴ്സ്, കോസ്റ്റ് ഗാര്‍ഡ്, എന്‍.ഡി.ആര്.എഫ് എന്നീ കേന്ദ്ര ഏജന്‍സികളെയും സംസ്ഥാന പൊലീസ്, ഫയര്‍ഫോഴ്സ് സംവിധാനങ്ങളെയും ഒരൊറ്റ ശൃംഖലയില്‍ കൊണ്ടുവന്ന് രക്ഷാപ്രവര്‍ത്തനം നിയന്ത്രിച്ചത് അദ്ദേഹത്തിന്റെ ഭരണപരമായ മികവിന് ഉദാഹരണമായി. പ്രളയത്തില്‍ ഔദ്യോഗിക രക്ഷാസേനകള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത ഉള്‍പ്രദേശങ്ങളിലേക്ക് ബോട്ടുമായി ഇറങ്ങാന്‍ കേരളത്തിലെ മത്സ്യത്തൊഴിലാളികളോട് ഔദ്യോഗികമായി അഭ്യര്‍ഥിച്ച പി എച്ച് കുര്യന്, അവരുടെ സേവനം ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തു. മത്സ്യത്തൊഴിലാളികളെ ‘കേരളത്തിന്റെ സ്വന്തം സൈന്യം’ എന്ന് വിശേഷിപ്പിച്ചതും അദ്ദേഹമായിരുന്നു. 2018ല്‍ ശാസ്ത്ര സാങ്കേതിക വകുപ്പില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും അദ്ദേഹം സേവനം അനുഷ്ഠിച്ചു.












