Kerala News

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം; ഫാർമസിസ്റ്റിന്റെ ശബ്ദരേഖ പുറത്ത്

തൃശൂർ മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള കുഞ്ഞിന് മുതിർന്നവർക്ക് നൽകുന്ന മരുന്ന് മാറി നൽകിയ സംഭവത്തിൽ ഫാർമസിസ്റ്റിന്റെ ശബ്ദ രേഖപ്പുറത്ത്. സംഭവം നടന്ന ദിവസം താൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ല. താനല്ല മരുന്നു കൊടുത്തത് എന്നാണ് ഫാർമസിസ്റ്റ് പറയുന്നത്. കുഞ്ഞിന്റെ അമ്മയെ വിളിച്ചാണ് ഫാർമസിസ്റ്റ് ഇക്കാര്യം കാര്യം പറയുന്നത്. കുട്ടിക്ക് പ്രോബയോട്ടിക് മരുന്നിനു പകരം നൽകിയത് മുതിർന്നവർക്ക് നെബുലൈസർ വഴി നൽകുന്ന മരുന്നായിരുന്നു. അരുൺ -അദ്രിക ദമ്പതികളുടെ പെൺകുഞ്ഞ് ഇപ്പോഴും ഐസിയുവിലാണ്. മരുന്നു മാറി നൽകിയത് അഷ്ടമിച്ചിറയിലെ മാള ടൗൺ ബ്ലോക്ക് കോപ്പറേറ്റീവ് ബാങ്കിൻറെ കീഴിലുള്ള നീതി മെഡിക്കൽ സ്റ്റോറിൽ നിന്നായിരുന്നു.

ഡോക്ടർ നിർദേശിച്ച പ്രോബയോട്ടിക്കിന് പകരം കുട്ടിക്ക് നൽകിയത് മുതിർന്നവർക്ക് നൽകേണ്ട നെബുലൈസർ മരുന്നാണെന്നാണ് കാണിച്ച് കുട്ടിയുടെ അച്ഛൻ പൊലീസിന് പരാതി നൽകി. എന്തുവേണമെങ്കിലും ചെയ്യാമെന്ന് ബാങ്ക് സെക്രട്ടറി കുട്ടിയുടെ മാതാപിതാക്കളോട് പറയുന്ന ശബ്ദരേഖ  ലഭിച്ചു.

മരുന്ന് വാങ്ങുന്ന സമയത്ത് സംശയം തോന്നിയ പിതാവ് ജീവനക്കാരിയോട് ചോദിച്ചിരുന്നു. എന്നാൽ മരുന്ന് വായിലൂടെ കഴിക്കാനുള്ളതാണെന്ന് ജീവനക്കാരി ഉറപ്പിച്ച് പറഞ്ഞതായി പിതാവ് പറയുന്നു.

വീട്ടിലെത്തി കുഞ്ഞിന് മരുന്ന് നൽകുകയായിരുന്നു. കുട്ടിയ്ക്ക് അസ്വസ്ഥത വന്നതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് ഡോക്ടറാണ് കുട്ടിയ്ക്ക് മരുന്ന് മാറി നൽകിയെന്ന വിവരം ബന്ധുക്കളെ അറിയിക്കുന്നത്. വിഷയത്തിൽ നിയമപരമായി മുന്നോട്ടുപോകുമെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്.

Related Posts

Leave a Reply