മലയാള സിനിമയിലെ താരസംഘടനയായ അമ്മയിലെ നേതൃതലത്തിൽ വൻ അഴിച്ചുപണി. നിലവിലെ ഭാരവാഹികൾക്ക് അധിക ചുമതലകൾ നൽകിക്കൊണ്ടാണ് പുതിയ അഴിച്ചുപണി നടത്തിയത്. എന്നാൽ ഈ തീരുമാനങ്ങളും മാറ്റങ്ങളും പൂർണ്ണമായും സംഘടനയുടെ ബൈലോ പ്രകാരമാണ് നടപ്പിലാക്കിയതെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി വ്യക്തമാക്കുന്നു.
ട്രഷറർ പദവിയിൽ നിന്ന് ഉണ്ണി ശിവപാലിനെ മാറ്റി നീന കുറുപ്പിന് പുതിയ ചുമതല നൽകി. അൻസിബയ്ക്ക് പകരം സരയു മോഹൻ പുതിയ ഭാരവാഹിയായി ചുമതലയേൽക്കും.
വൈസ് പ്രസിഡന്റ് പദവികളിലും നിർണ്ണായക മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നിലവിലുണ്ടായിരുന്ന ജയൻ ചേർത്തല, ലക്ഷ്മി പ്രിയ എന്നിവർക്ക് പകരം ആശ അരവിന്ദ്, സിജോയ് വർഗീസ് എന്നിവരെ പുതിയ വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുത്തു. ജോയ് മാത്യു സമർപ്പിച്ച രാജി കമ്മിറ്റി ഔദ്യോഗികമായി സ്വീകരിച്ചു. എന്നാൽ നടൻ കൈലാഷ് നൽകിയ രാജി അപേക്ഷ കമ്മിറ്റി തള്ളുകയും രാജി സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയുമായിരുന്നു. അതേസമയം, സംഘടനാ കമ്മിറ്റികളിൽ നിരന്തരം പങ്കെടുക്കാതിരുന്നതിനെ തുടർന്ന് നടൻ വിനു മോഹന് എക്സിക്യൂട്ടീവ് കമ്മിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചു.












