പാലായിൽ ഭർത്താവിന്റെ മൃതദേഹത്തിന് അന്ത്യചുംബനം നൽകിയ ഉടൻ കുഴഞ്ഞുവീണ് ഭാര്യ മരിച്ചു. പാലാ പുത്തൻപള്ളിക്കുന്ന് വാഴയിൽ കുര്യൻ ജോസഫിന്റെ (കുര്യച്ചൻ–73) സംസ്കാര ചടങ്ങുകൾക്കിടയിലാണ് സംഭവം നടന്നത്. ഷേർലി കുര്യൻ (71) ആണ് ഭർത്താവിന്റെ വിയോഗം താങ്ങാനാവാതെ മരിച്ചത്.
കഴിഞ്ഞ 15-ന് ഉച്ചയോടെയാണ് കുര്യച്ചൻ വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെ വസതിയിലെ പ്രാഥമിക ശുശ്രൂഷകൾ പൂർത്തിയാക്കി മൃതദേഹം പള്ളിയിലേക്കു മാറ്റാൻ എടുത്ത സമയത്തായിരുന്നു സംഭവം. ഭർത്താവിന്റെ ചേതനയറ്റ ശരീരത്തിന് അന്ത്യചുംബനം നൽകിയ ഷേർലി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അംഗവും പാലാ കൃഷിഭവൻ ഉപദേശക സമിതി അംഗവും, പാലായിലെ ആദ്യകാല വ്യാപാരിയുമായിരുന്നു അന്തരിച്ച കുര്യൻ ജോസഫ്. എടത്വ പച്ച കാവിലവീട് കുടുംബാംഗമാണ് ഷേർലി. ദമ്പതികളുടെ വേർപാടിന്റെ നടുക്കത്തിലും ദുഃഖത്തിലുമാണ് ബന്ധുക്കളും നാട്ടുകാരും. എയ്ഞ്ചല കുര്യൻ, അന്ന കുര്യൻ, എബി കുര്യൻ എന്നിവരാണ് മക്കൾ.












