ഡല്‍ഹി: ബ്രിക്സ് ഉച്ചകോടി നടക്കുന്നതിനിടെ ചേരി പ്രദേശങ്ങള്‍ തുണികെട്ടി മറച്ചുവെന്ന് ആരോപണം. വസന്ത് കുഞ്ച് മേഖലയിലെ ചേരികളാണ് ആരും കാണാത്ത വിധത്തില്‍ മറച്ചുവെച്ചത്. രാജ്യത്തെ യാഥാര്‍ഥ്യങ്ങളും ഈ വിധത്തില്‍ മറച്ചുപിടിക്കുന്നതില്‍ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഒരു കാര്‍ട്ടൂണ്‍ ഡല്‍ഹിയില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് വഴി വച്ചിരിക്കുന്നത്. ചേരികളെ തുണികള്‍ ഉപയോഗിച്ച് മറച്ചതുകൊണ്ട് യാഥാര്‍ഥ്യങ്ങള്‍ മാറില്ല. 2.6% എന്ന ജിഡിപി വളര്‍ച്ചയെ 7.8% എന്ന് പറഞ്ഞിട്ടും യാഥാര്‍ഥ്യം മാറാത്തതുപോലെ – എന്ന അടിക്കുറിപ്പോടെയായിരുന്നു കാര്‍ട്ടൂണ്‍. എഎപി ഇതില്‍ ആരോപിക്കുന്നത് പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ത്യയില്‍ എത്തിയ ലോക നേതാക്കളുടെ കണ്ണില്‍ നിന്നും ഡല്‍ഹിയിലെ ചേരികള്‍ തുണികള്‍ ഉപയോഗിച്ച് മറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു എന്നതാണ്. എന്നാല്‍, ഇത് കേവലം ആരോപണമല്ല വസ്തുതയാണെന്നാണ് ഡല്‍ഹിയിലെ പല പ്രദേശങ്ങളും സാക്ഷ്യപ്പെടുത്തുന്നത്. ദക്ഷിണ ഡല്‍ഹിയിലെ വസന്ത് കുഞ്ചിലെ ചേരി പ്രദേശങ്ങള്‍ ഇപ്പോള്‍ കെട്ടി മറയ്ക്കപ്പെട്ട തുണികള്‍ക്ക് പിന്നിലാണ്. വസന്ത് കുഞ്ചു കൂടാതെ ഡല്‍ഹിയിലെ മറ്റു പല ചേരിപ്രദേശങ്ങളിലും സമാനമായ സ്ഥിതി തന്നെയാണുള്ളത്. ഇതിലൂടെ ലോകനേതാക്കള്‍ക്ക് മുന്നില്‍ ദേശീയ തലസ്ഥാനത്തിന്റെ മുഖം മിനുക്കലാണ് സര്‍ക്കാറിന്റെ ലക്ഷ്യം.എന്നാല്‍ ദിവസക്കൂലിക്കാരും സാധാരണക്കാരുമായ തങ്ങളുടെ ജീവിതമാണ് കെട്ടിമറിക്കപ്പെട്ട ഈ തുണികള്‍ക്ക് പിന്നില്‍ ദുരിതത്തിലായിരിക്കുന്നത് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതാണ് സമൂഹമാധ്യമ പോസ്റ്റിലൂടെ ആം ആദ്മി പാര്‍ട്ടി ചോദ്യം ചെയ്തതും.
2023-ലെ ജി20 ഉച്ചകോടിക്ക് തൊട്ടുമുമ്പും ഇവിടം ഇത്തരത്തില്‍ കെട്ടി മറച്ചത് മറക്കാത്ത ഇവിടുത്തെ താമസക്കാര്‍ തങ്ങളുടെ ഉള്ളിലെ രോഷം മറച്ചുവയ്ക്കുന്നില്ല. ഡല്‍ഹിയുടെ നഗരഹൃദയങ്ങളിലെ പാതകളെല്ലാം ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ ദേശീയപതാകകള്‍ കൊണ്ടും അതിഥികളെ സ്വീകരിച്ചുള്ള ബോര്‍ഡുകള്‍ കൊണ്ടും ദിവസങ്ങള്‍ക്കു മുന്നേതന്നെ മനോഹരമാക്കിയിരുന്നു. അപ്പോഴാണ് സാധാരണക്കാരായ മനുഷ്യരുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും സര്‍ക്കാര്‍ മറക്കു പിന്നിലാക്കിയത് എന്നതാണ് വസ്തുത.
മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിച്ച വേളയിലും സമാനമായ ആരോപണം ഉയര്‍ന്നിരുന്നു. ചേരികള്‍ എന്നതും അവിടങ്ങളിലെ മോശം ജീവിത സാഹചര്യങ്ങള്‍ എന്നതും ഇന്ത്യയിലെ ഒരു സാമൂഹ്യ യാഥാര്‍ഥ്യം ആണ്. അവ തിരിച്ചറിഞ്ഞ പരിഹരിക്കലാണ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രാഥമിക ഉത്തരവാദിത്വം. പകരം ദൃശ്യങ്ങളില്‍ നിന്ന് മറയ്ക്കലല്ല എന്നാണ് ഉയരുന്ന അഭിപ്രായങ്ങള്‍.












