കൊച്ചി: പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് സിപിഐയെ രൂക്ഷമായി വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ. നേരത്തെ ഫേസ്ബുക്കിൽ പങ്കുവെച്ച വിമർശനം സംസാരിക്കുമ്പോഴും സി എൻ മോഹനൻ ആവർത്തിച്ചു. കീഴ്‌വഴക്കമാണ് പിണറായി പറഞ്ഞതെന്നും സിപിഐയുടേത് സിപിഐയുടേത് വിലകുറഞ്ഞ സമ്മർദ്ദ തന്ത്രമാണെന്നും സി എൻ മോഹനൻ കുറ്റപ്പെടുത്തി. എല്ലാക്കാലത്തും പ്രതിപക്ഷ ഉപനേതാവ് പദവി വഹിച്ചത് സിപിഐഎം ആണെന്നും സി എൻ മോഹനൻ ചൂണ്ടിക്കാണിച്ചു.
പിണറായി വിജയനെ സിപിഐ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നുവെന്നും സി എൻ മോഹനൻ കുറ്റപ്പെടുത്തി. ‘ഏറ്റവും കൂടുതൽ ശുദ്ധതയുള്ളവരെന്നാണ് സിപിഐയുടെ ധാരണ. പിഎം ശ്രീയിൽ അനാവശ്യ വിവാദമുണ്ടാക്കി ഇടത് സർക്കാരിനെ താറടിച്ചതിൽ സിപിഐ പ്രധാന പങ്ക് വഹിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിൽ പ്രധാന ഘടകമായി ഇത് മാറി’യെന്നും സി എൻ മോഹനൻ കുറ്റപ്പെടുത്തി. മുസ്ലിം ലീഗ് കാണിക്കുന്ന മുന്നണി മര്യാദ സി എൻ മോഹനൻ സിപിഐയെ ഓർമ്മിപ്പിച്ചു. സിപിഐയുടെ സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ തേടിയതിനെയും സി എൻ മോഹൻ പരിഹസിച്ചു. സംസ്ഥാനത്തെ കൊച്ചു കാര്യങ്ങളിൽ അഖിലേന്ത്യൻമാർ വാളെടുക്കാറില്ല എന്നായിരുന്നു സി എൻ മോഹനൻ്റെ പരിഹാസം. വിഷയത്തിൽ ഇടപെട്ട സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയെ കൂടി പരോക്ഷമായി ലക്ഷ്യം വെച്ചായിരുന്നു സി എൻ മോഹനൻ്റെ വിമർശനം.
മുന്നണി മര്യാദ പാലിച്ചില്ലെങ്കിൽ യാഥാർത്ഥ്യങ്ങൾ പറയുമെന്നും സി എൻ മോഹനൻ സിപിഐക്ക് മുന്നറിയിപ്പ് നൽകി. സിപിഐക്ക് സംസ്ഥാനത്ത് കാര്യമായ സ്വാധീനമില്ലെന്ന പരോക്ഷ വിമർശനവും സി എൻ മോഹനൻ മുന്നോട്ടുവെച്ചു. സിപിഐക്ക് 5000 വോട്ടിൽ കൂടുതലുള്ള മണ്ഡലങ്ങൾ കാര്യമായിട്ടില്ല. എവിടെയൊക്കെയാണ് ഉള്ളതെന്ന് പറയട്ടെ എന്നായിരുന്നു സി എൻ മോഹനൻ്റെ പ്രതികരണം. സർക്കാർ വീണപ്പോൾ സിപിഐ വീണിടത്ത് കുത്തുന്നു എന്ന് കുറ്റപ്പെടുത്തിയ സിഎൻ മോഹനൻ ഏകപക്ഷീയ ആക്രമണമാണെങ്കിൽ മറുടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലും സി എൻ മോഹനൻ സിപിഐയെ വിമർശിച്ചിരുന്നു. പിണറായി വിജയനെ ഒറ്റതിരിഞ്ഞാക്രമിക്കാനാണ് CPI നീക്കമെന്നായിരുന്നു സി എൻ മോഹനൻ്റെ കുറ്റപ്പെടുത്തൽ. ഇന്നുവരെയില്ലാത്ത കീഴ്വഴക്കങ്ങൾ ലംഘിച്ചു നിയമസഭയിൽ പ്രതിപക്ഷ ഉപനേതൃ പദവി തങ്ങൾക്കു വേണം എന്നാണ് CPI ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. മുന്നണിയിൽ സിപിഐ എന്നും സമ്മർദതന്ത്രമാണ് സ്വീകരിച്ചു വരുന്നത്. ഇടതുപക്ഷ ഐക്യം വേണമെങ്കിൽ CPM സഹിച്ചുകൊള്ളണം എന്നാണ് ഇവരുടെ നിലപാട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പിഎം ശ്രീ ആയിരുന്നു ഇവരുടെ വിപ്ലവായുധം എന്നും സി എൻ മോഹനൻ കുറ്റപ്പെടുത്തിയിരുന്നു.












