സൗദി അറേബ്യയിൽ നിരോധിത മരുന്ന് കൈവശം സൂക്ഷിച്ചെന്നാരോപിച്ച് ജിദ്ദ വിമാനത്താവളത്തിൽ കസ്റ്റഡിയിലെടുത്ത വയനാട് അയ്യങ്കൊല്ലി സ്വദേശിനിയെ ഒടുവിൽ വിട്ടയച്ചു. വയനാട് സുൽത്താൻ ബത്തേരി അയ്യങ്കൊല്ലി ആനന്ദ് നിവാസിൽ രവി – ശെൽവി ദമ്പതികളുടെ മകളായ ഫിലോമിനയാണ് കസ്റ്റഡിയിൽ നിന്നും മോചിതയായത്. ലഹരിമരുന്ന് പരിശോധനയിൽ ഇത് ലഹരിയല്ലെന്ന് വ്യക്തമായതോടെയാണ് അധികൃതർ ഇവരെ വിട്ടയച്ചത്.
ഈ മാസം 10-നായിരുന്നു സംഭവം. വാർഷികാവധി കഴിഞ്ഞ് സൗദി അറേബ്യയിലേക്ക് മടങ്ങുന്നതിനിടെയാണ് ഫിലോമിന ബെംഗളൂരുവിൽ നിന്ന് ജിദ്ദ വഴി റിയാദിലേക്ക് യാത്ര തിരിച്ചത്. ജിദ്ദയിൽ ഇറങ്ങി കണക്ഷൻ ഫ്ലൈറ്റ് വഴി റിയാദിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാൽ ജിദ്ദ വിമാനത്താവളത്തിൽ വച്ച് നടത്തിയ പരിശോധനയിൽ ഫിലോമിനയുടെ ലഗേജിൽ രാജ്യത്ത് നിരോധനമുള്ള ചില മരുന്നുകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് ജിദ്ദ കസ്റ്റംസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെയും നാർക്കോട്ടിക്സ് കൺട്രോൾ ഡയറക്ടറേറ്റിന്റെയും നേതൃത്വത്തിൽ പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് ഫിലോമിന കൈവശം വെച്ചിരുന്നത് ലഹരിമരുന്നല്ലെന്ന് തെളിഞ്ഞത്. ഇതോടെയാണ് ഫിലോമിനയെ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചത്. സൗദിയിലെ റിയാദ് കിംഗ് ഫഹദ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തുവരികയാണ് ഫിലോമിന.











