തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യെ ലക്ഷ്യമിട്ട് നടി തൃഷയ്ക്കെതിരെ വീണ്ടും രാഷ്ട്രീയ നേതാക്കളുടെ അധിക്ഷേപ പരാമർശം. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശങ്ങൾക്ക് പിന്നാലെ, തൃഷയെ ഉപമുഖ്യമന്ത്രിയാക്കുമോ എന്ന ചോദ്യവുമായി അണ്ണാഡിഎംകെയുടെ മുതിർന്ന നേതാവ് ആർ.ബി ഉദയകുമാറാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഓഗസ്റ്റ് എട്ടിന് തൂത്തുക്കുടിയിൽ നടന്ന പാർട്ടി പരിപാടിയിലായിരുന്നു ഉദയകുമാറിന്റെ വിവാദ പ്രസ്താവന. “വിജയ്‌യുടെ ‘പ്രിയപ്പെട്ടവളായ’ തൃഷയെ എന്നാണ് തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി നിയമിക്കുന്നത് എന്ന് കാണാൻ സംസ്ഥാനം കാത്തിരിക്കുകയാണ്,” എന്നായിരുന്നു ഉദയകുമാറിന്റെ പരാമർശം.
കാവേരി ജല തർക്ക വിഷയത്തിൽ കാവേരി വാട്ടർ മാനേജ്‌മെൻ്റ് അതോറിറ്റിയുടെ (CWMA) ഉത്തരവുണ്ടായിട്ടും കർണാടകയിൽ നിന്ന് വെള്ളം നേടിയെടുക്കുന്നതിൽ മുഖ്യമന്ത്രി വിജയ് നയിക്കുന്ന ടി.വി.കെ സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ചുകൊണ്ടുള്ള പ്രസംഗത്തിനിടെയായിരുന്നു നടിയുടെ പേര് വലിച്ചിഴച്ചത്. അണ്ണാഡിഎംകെ നേതാവിന്റെ ഈ പ്രസ്താവന തമിഴ്‌നാട്ടിൽ കനത്ത പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. അധിക്ഷേപ പരാമർശത്തിനെതിരെ നടിയുടെ ആരാധകർ ശക്തമായി രംഗത്തെത്തി. ഉദയകുമാറിനെതിരെ രൂക്ഷവിമർശനമുന്നയിച്ച് തൃഷ ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ മധുരയിലുടനീളം പ്രതിഷേധ പോസ്റ്ററുകളും നിറഞ്ഞിട്ടുണ്ട്.












