India News

തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രങ്ങളിൽ സെപ്റ്റംബർ ഒന്ന് മുതൽ മൊബൈൽ ഫോണുകൾ നിരോധിക്കാൻ തീരുമാനം

തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രങ്ങളിൽ സെപ്റ്റംബർ ഒന്ന് മുതൽ മൊബൈൽ ഫോണുകൾ നിരോധിക്കാൻ തീരുമാനം. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് വകുപ്പ് മന്ത്രി എസ് രമേശാണ് ഇക്കാര്യം അറിയിച്ചത്. നിരവധി ക്ഷേത്രങ്ങളിലെ ശ്രീകോവിലിന്റെ ഉൾപ്പെടെയുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മന്ത്രി വ്യക്തമാക്കി.

ക്ഷേത്രത്തിനുള്ളിലെ ദേവതകളുടെ ചിത്രങ്ങളും വീഡിയോകളും പകർത്തുന്നതിനും സെൽഫി എടുക്കുന്നതിനും റീലുകൾ ഉൾപ്പെടെയുള്ള മറ്റ് ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വിഐപികൾ, പ്രമുഖ വ്യക്തികൾ, സിനിമാതാരങ്ങൾ എന്നിവർക്കും നിയമം ബാധകമാണ്. ക്ഷേത്രത്തിനുള്ളിലെ സെലിബ്രിറ്റികളുടെ ഫോട്ടോ, വീഡിയോ ചിത്രീകരണങ്ങൾക്കും അനുമതി നൽകരുതെന്നും ക്ഷേത്ര അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഭക്തർക്ക് മൊബൈൽ ഫോണുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി ക്ഷേത്രങ്ങളുടെ പ്രവേശന കവാടങ്ങളിൽ പ്രത്യേക സ്റ്റോറേജ് സൗകര്യം ഒരുക്കണമെന്നും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്. ഓരോ മൊബൈൽ ഫോണിനും അഞ്ച് രൂപ വീതം ഏകീകൃത നിരക്ക് ഈടാക്കാം.

2022 ഡിസംബർ രണ്ടിന് മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശങ്ങൾ നൽകിയത്. ഭക്തർ ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോണുകൾ കൊണ്ടുപോകുന്നത് തടയണമെന്നും ഫോണുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ സൗകര്യമൊരുക്കണമെന്നും നേരത്തെയും ക്ഷേത്രങ്ങൾക്ക് സർക്കുലറുകളിലൂടെ നിർദേശം നൽകിയിരുന്നു.
എന്നാൽ ചില ഭക്തർ ഇപ്പോഴും ക്ഷേത്രപരിസരത്ത് മൊബൈൽ ഫോണുകൾ ഉപയോഗിച്ച് ദേവതകളുടെ ചിത്രങ്ങളും വീഡിയോകളും പകർത്തുന്നതായും സെൽഫികളും റീലുകളും ചിത്രീകരിക്കുന്നതായും പുതിയ സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം പ്രവർത്തനങ്ങൾ ക്ഷേത്രങ്ങളുടെ ആത്മീയ അന്തരീക്ഷത്തെ ബാധിക്കുന്നതിനൊപ്പം മറ്റ് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും വകുപ്പ് വ്യക്തമാക്കി.

Related Posts

Leave a Reply